കള്ളക്കേസില്‍ കുടുക്കിയ മുസ്‌ലിം യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
യുവാക്കളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസില്‍ 2016ല്‍ തന്നെ ഇടപെടല്‍ നടത്തിയ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എന്‍സിഎച്ച്ആര്‍ഒ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ നിയമപോരാട്ടങ്ങളുടെ വിജയം കൂടിയായിരുന്നു കമ്മീഷന്‍ കണ്ടെത്തലെന്ന് ഇരകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുംബൈ: വര്‍ഗീയ കലാപം നടത്തിയെന്ന് കള്ളക്കേസ് ചുമത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത അഞ്ചു മുസ്‌ലിം യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍(എംഎസ്എച്ച്ആര്‍സി). നിരപരാധികളായ മുസ്‌ലിം യുവാക്കളെ അകാരണമായി കേസില്‍ ഉള്‍പ്പെടുത്തുകയും അവരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത് മനുഷ്യാവകാശലംഘനമാണെന്നും എംഎസ്എച്ച്ആര്‍സി ആക്ടിങ് ചെയര്‍പേഴ്‌സണ്‍ എംഎ സെയ്ദ് നിരീക്ഷിച്ചു. ആറാഴ്ചക്കുള്ളില്‍ യുവാക്കള്‍ക്ക് രണ്ടുലക്ഷം വീതം കൈമാറണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളക്കേസ് ചുമത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വകുപ്പുതല അന്വേഷണം നടത്താനും പോലിസുദ്യോഗസ്ഥനുനേരെ അച്ചടക്കനടപടി സ്വീകരിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
ഇര്‍ഫാന്‍ റഹ്മാന്‍ ഖാന്‍, അര്‍ബാസ് റഹ്മാന്‍ ഖാന്‍, മുഹ്‌സിന്‍ യൂസഫ് ഖാന്‍, ശെയ്ഖ് മന്‍സൂര്‍ ശാഹിദ്, ശഹബാസ് ഖാന്‍ എന്നിവര്‍ക്കെതിരേയാണ് കലാപാസൂത്രണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് കാട്ടി 2016 മാര്‍ച്ച് 30ന് പോലിസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തത്.
2016 മാര്‍ച്ച് 23ന് മഹാരാഷ്ട്രയിലെ ജല്‍നയില്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അഞ്ചു യുവാക്കളെയും അകാരണമായി ജല്‍ന പോലിസ് കസ്റ്റഡിയിലെടുത്തത്. ഹോളി ആഘോഷത്തിനിടെ അക്രമികള്‍ പള്ളിയിലേക്ക് നിറക്കൂട്ടുകള്‍ വാരിയെറിഞ്ഞതുമായി ബന്ധപ്പെട്ടാണ് കലാപം ഉണ്ടായത്. തുടര്‍ന്ന് സംഭവത്തില്‍ സദര്‍ ബസാര്‍ പോലിസ് സ്വമേധയാ കേസെടുക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ കലാപം നടത്തിയെന്ന് കാണിച്ചു പോലിസ് കസ്റ്റഡിയിലെടുത്ത് എഫ്എആര്‍ ചുമത്തുകയായിരുന്നു.
ജല്‍ന പോലിസ് എസ്‌ഐ ശൈലേഷ് ശെജുല്‍ പ്രതികാര നടപടികളോടെ തങ്ങളെ പിടികൂടുകയായിരുന്നുവെന്നാണ് യുവാക്കള്‍ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. കൂടാതെ കസ്റ്റഡിയിലെടുത്ത അന്നേദിവസം തങ്ങളെ ക്രൂരമര്‍ദനത്തിനിരയാക്കിയെന്നും കമ്മീഷനെ യുവാക്കള്‍ ബോധിപ്പിച്ചു. തൊട്ടടുത്തദിവസം കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ യുവാക്കള്‍ക്ക് ക്രൂരമായി മര്‍ദനം ഏറ്റിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ റിപോര്‍ട്ടു നല്‍കുകയും ചെയ്തു.
വിചാരണകള്‍ക്കു ശേഷം നിരപരാധികളെന്നു കണ്ട് കഴിഞ്ഞ 2017ലാണ് യുവാക്കളെ കോടതി വെറുതെവിട്ടത്. കേസില്‍ യുവാക്കളെ അന്യായമായി അറസ്റ്റുചെയ്തതിനും കള്ളക്കേസില്‍ കുടുക്കിയതിനും ക്രൂരമായി പീഡിപ്പിച്ചതിനും എസ്എയ്‌ക്കെതിരേ ജല്‍ന ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോലിസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല വിഷയത്തില്‍ ശെജുലിനെതിരേ യാതൊരുവിധ നടപടികള്‍ എടുക്കുകയും ചെയ്തില്ല. തുടര്‍ന്നാണ് വിഷയം മനുഷ്യാവകാശ കമ്മീഷനില്‍ എത്തുന്നത്.
യുവാക്കളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസില്‍ 2016ല്‍ തന്നെ ഇടപെടല്‍ നടത്തിയ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എന്‍സിഎച്ച്ആര്‍ഒ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ നിയമപോരാട്ടങ്ങളുടെ വിജയം കൂടിയായിരുന്നു കമ്മീഷന്‍ കണ്ടെത്തലെന്ന് ഇരകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.