കൊല്ലം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ച് സൈക്കിള്‍ റാലിയുമായി സഹകരിച്ചെന്ന് ആരോപിച്ചാണ് ബിന്ദു കൃഷ്ണയെയും റാലി നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പോലിസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം ബിന്ദു കൃഷ്ണ ഉണ്ടായിരുന്നു. ഇവരോടൊപ്പം നടന്നതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് പറയുന്നത്.
സൈക്കിള്‍ റാലിയായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം ജില്ലാ കലക്ടറേറ്റിലെത്തിയത്. അതേസമയം, അന്യായമായി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബിന്ദുകൃഷ്ണ പോലിസ് സ്‌റ്റേഷനുള്ളില്‍ പ്രതിഷേധിച്ചു. മകനെ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ തന്നെ യാതൊരു കാരണവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും സാമൂഹിക അകലം പാലിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.