പോലിസുകാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ (വീഡിയോ)

Update: 2022-06-21 13:47 GMT

ന്യൂഡല്‍ഹി: ഇഡിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പോലിസിന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പി മഹിളാ കോണ്‍ഗ്രസ്് അധ്യക്ഷ നെറ്റ ഡിസൂസ. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തതിന് ഇഡിക്കെതിരെ ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ പ്രതിഷേധത്തിനിടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തുപ്പിയത്.

രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ അഞ്ചാം ദിവസവും പുരോഗമിക്കവെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഇഡി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുള്‍പ്പടെ നേതാക്കളെ ഡല്‍ഹി പോലിസ് മര്‍ദിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. കോണ്‍ഗ്രസ് വനിതാ നേതാവ് അല്‍ക്ക ലാംബയെ പോലിസ് വലിച്ചിഴച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ട് അല്‍ക്ക ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം വിളിച്ചു.

ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് പരിക്കേറ്റു. രാജ്‌മോഹന്‍ ഉണ്ണിത്താന് കാലിനാണ് പരിക്കേറ്റത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ അടക്കം വലിച്ചിഴച്ചതായി ഉണ്ണിത്താന്‍ ആരോപിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പോലിസിന്റെ മര്‍ദ്ദനമേറ്റു. പോലിസിന്റെ ബസിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം ചോദ്യം ചെയ്യുമ്പോള്‍ ഇഡി നടപടിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയാണ് കോണ്‍ഗ്രസ് ജനപ്രതിനിധികളടക്കം തെരുവില്‍ പ്രതിഷേധിക്കുന്നത്. അന്‍പത് മണിക്കൂറോളമെടുത്തിട്ടും ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പ്രതിഷേധം ഇന്നും തുടരുകയാണ്.

Tags:    

Similar News