ബിജെപിയെ വെട്ടിലാക്കി ദേശീയ നേതാവ്; കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിനെ പിന്തുണച്ചു
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപി ദേശീയ നേതാവ് യുഡിഎഫിനെ പിന്തുണച്ചത് ബിജെപിയെ വെട്ടിലാക്കി. അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നെങ്കിലും മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പദ്മജ എസ് മേനോന്‍ അത് കൈപ്പറ്റാതെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു ദിവസത്തിനുള്ളില്‍ കാരണം കാണിക്കണമെന്നു കാണിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നോട്ടീസ് നല്‍കി. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനും ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു പോയ പത്മജ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് എത്തില്ലെന്ന ധാരണയിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാല്‍, അവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിവരം അറിഞ്ഞതോടെ ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്ന് വിപ്പുമായി ഓഫിസ് സെക്രട്ടറി യോഗം ചേരുന്ന മുറിയിലെത്തി. വിപ്പ് വാങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് യോഗത്തിന് നേതൃത്വം നല്‍കിയിരുന്ന ജില്ലാ കലക്ടര്‍ക്ക് വിപ്പ് അടങ്ങിയ കത്ത് കൈമാറിയാണ് ഓഫിസ് സെക്രട്ടറി മടങ്ങിയത്. മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായതിനാല്‍ പദ്മജയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ബിജെപി ജില്ലാ നേതൃത്വത്തിനാവില്ല. ഇതേത്തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ജില്ലാ പ്രസിഡന്റ് കത്ത് നല്‍കുകയായിരുന്നു.
അതേസമയം, പദ്മജ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത് തങ്ങളുടെ അഭ്യര്‍ഥന പ്രകാരമല്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തങ്ങള്‍ക്ക് ബിജെപിയുടെ പിന്തുണ ആവശ്യമില്ല. എന്നാല്‍, പ്രതിപക്ഷ അംഗം എന്ന നിലയിലാകും അവര്‍ അവിശ്വാസത്തെ അനുകൂലിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിന്റെ സഹായം തേടില്ലെന്നും അവര്‍ അനുകൂലിച്ച് വോട്ടുചെയ്താല്‍ തങ്ങള്‍ സ്ഥാനം രാജിവയ്ക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.