സിറിയന്‍ പ്രസിഡന്റിന്റെ സഹോദരന്‍ മാഹിര്‍ അല്‍അസദ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Update: 2024-09-30 06:25 GMT

ജിദ്ദ: സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ സഹോദരനും സൈനിക കമാന്‍ഡറുമായ മാഹിര്‍ അല്‍അസദ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറിയന്‍ സൈന്യത്തിലെ നാലാം ഡിവിഷന്‍ കമാണ്ടറായിരുന്നു മാഹിര്‍. റീഫ് ദമാസ്‌കസ് ഗവര്‍ണറേറ്റിലെ യഅ്ഫൂര്‍ ഏരിയയില്‍ മാഹിര്‍ അല്‍അസദിന്റെ വില്ല ലക്ഷ്യമിട്ട് ഇസ്രായേല്‍ ഡ്രോണ്‍ മൂന്നു മിസൈലുകള്‍ തൊടുത്തുവിടുകയായിരുന്നു. പ്രദേശത്തു നിന്ന് ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ദമാസ്‌കസിനു സമീപമുള്ള വില്ലക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ ശേഷം മാഹിര്‍ അല്‍അസദുമായുള്ള ടെലിഫോണ്‍ ബന്ധം മുറിഞ്ഞു. ഇറാന്‍ നേതാക്കളുമായി ഈ വില്ലയില്‍ വെച്ച് മാഹിര്‍ അല്‍അസദ് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഹിസ്ബുല്ല, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് നേതാക്കള്‍ സ്ഥിരമായി ഈ വില്ലയില്‍ എത്തിയിരുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. സിറിയന്‍ സൈന്യത്തിലെ നാലാം ഡിവിഷനു കീഴിലെ ആയുധപ്പുരകളില്‍ സൂക്ഷിച്ച ആയുധങ്ങള്‍ ലെബനോനിലേക്ക് നീക്കുന്ന പക്ഷം മാഹിര്‍ അല്‍അസദിനെയും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.




Similar News