ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണം: ഗൂഢാലോചനയാവാമെന്ന് സുപ്രീംകോടതി സമിതി; വിമര്‍ശനവുമായി മഹുവ മൊയ്ത്ര
ലൈംഗിക ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളെല്ലാം ഒന്നിച്ചുചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന സമിതിയുടെ കണ്ടെത്തലിനെ പരിഹസിച്ചുകൊണ്ട് മഹുവ പറഞ്ഞു.
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാന്‍ പറ്റില്ലെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നോതാവ് മഹുവ മൊയ്ത്ര.
ലൈംഗിക ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളെല്ലാം ഒന്നിച്ചുചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന സമിതിയുടെ കണ്ടെത്തലിനെ പരിഹസിച്ചുകൊണ്ട് മഹുവ പറഞ്ഞു.
'സുപ്രീംകോടതി പറയുന്നു ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെയുള്ള ആരോപണം അന്വേഷിക്കാനല്ല മറിച്ച് ജഡ്ജിമാരെക്കുടുക്കാന്‍ വലിയ രീതിയില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനാണെന്ന്.
അതേ മൈ ലോര്‍ഡ്, ലൈംഗിക ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളെല്ലാം ഒന്നിച്ചുചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയത്,' മഹുവ പറഞ്ഞു.
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് സുപ്രീംകോടതി നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട്.
ജസ്റ്റിസ് എ കെ പട്‌നായിക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നതെന്ന് സുപ്രീംകോടതി അറിയിച്ചു. ജുഡീഷ്യല്‍ തലത്തിലും ഭരണതലത്തിലും രഞ്ജന്‍ ഗൊഗോയി എടുത്ത കര്‍ശന നടപടികളും അസം എന്‍ആര്‍സി കേസിലെ ഗൊഗോയി എടുത്ത കടുത്ത നിലപാടും ഗൂഢാലോചനയ്ക്ക് കരണമായിട്ടുണ്ടാകാമെന്ന് ഐബി റിപ്പോര്‍ട്ട് നല്‍കിയെന്നും സുപ്രീംകോടതി അറിയിച്ചു. രണ്ട് വര്‍ഷം മുമ്പുള്ള പരാതി ആയതിനാല്‍ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.
2018 ലാണ് കോടതിയിലെ ജീവനക്കാരിയായിരുന്ന യുവതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇവരുടെ പരാതി ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പരാതി തള്ളുകയും ചെയ്യുകയായിരുന്നു. അന്വേഷണത്തിന് പിന്നാലെ ജസ്റ്റിസ് ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്യുകയായിരുന്നു.