ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കൊച്ചി സ്വദേശിനി സുമിത വല്‍സ്യ(45), മകള്‍ സ്മൃത വല്‍സ്യ(25) എന്നിവരാണ് കൊല്ലപ്പെട്ടത്.

Update: 2020-03-09 19:30 GMT

ന്യൂഡല്‍ഹി: അശോക് നഗറിലെ വസുന്ധര എന്‍ക്ലേവിലെ ഫ്‌ലാറ്റില്‍ മലയാളി വീട്ടമ്മയെയുയം മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊച്ചി സ്വദേശിനി സുമിത വല്‍സ്യ(45), മകള്‍ സ്മൃത വല്‍സ്യ(25) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരി ഇരുവരെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. സ്മൃതയുടെ സുഹൃത്ത് വിനയ്‌യും സഹായിയുമാണ് കൊലയ്ക്കു പിന്നിലെന്നും വിനയ്‌യെ ജയ്പുരിനു സമീപത്തു നിന്നു അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. കൊലയ്ക്കു കാരണം വ്യക്തമല്ല.

    ഭര്‍ത്താവിന്റെ മരണ ശേഷം സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സുമിതയും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായ മകള്‍ സ്മൃതയും ഫ്‌ലാറ്റിലാണ് താമസം. സ്മൃതയും വിനയ്‌യും പ്രണയത്തിലായിരുന്നെന്നും ഈയിടെ ബന്ധം വേര്‍പിരിഞ്ഞിരുന്നതായും ഇതാവാം കൊലപാതകത്തിനു കാരണമെന്നുമാണ് സംശയം. തിങ്കളാഴ്ച പുലര്‍ച്ചെ ഫ്‌ലാറ്റിലെത്തിയ വിനയ്‌യും സഹായിയും സുമിതയെയും സ്മൃതയെയും കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലിസ് നിഗമനം. കൊലപാതകത്തിനു ശേഷം സുമിതയുടെ കാറില്‍ ഇരുവരും രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിനയ് യെ അറസ്റ്റ് ചെയ്തത്.

    കൊച്ചിയിലെ സ്റ്റീഫന്‍ പിന്‍ഹീറോയുടേയും മോണിക്ക പിന്‍ഹീറോയുടേയും മകളായ മേരി പിന്‍ഹീറോ പഞ്ചാബിയായ രാജേഷ് വാല്‍സ്യയുമായുള്ള വിവാഹശേഷം സുമിത വാല്‍സ്യ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഇവരുടെ ഏകമകളാണ് സ്മൃത വാല്‍സ്യ. സ്മൃതയുടെ ചെറുപ്രായത്തില്‍ തന്നെ പിതാവ് രാജേഷ് മരണപ്പെട്ടിരുന്നു.




Tags:    

Similar News