മലേഗാവ് സ്‌ഫോടനം: വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേണല്‍ പുരോഹിത് കോടതിയില്‍
2008ല്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് മലേഗാവ് സ്‌ഫോടന കേസ്.
മുംബൈ: മലേഗാവ് സ്‌ഫോടന കേസില്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലഫ്. കേണല്‍ പ്രസാദ് പുരോഹിത് കോടതിയില്‍. വെള്ളിയാഴ്ച്ചയാണ് അദ്ദേഹം മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. 2008ല്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് മലേഗാവ് സ്‌ഫോടന കേസ്.
കേണല്‍ പുരോഹിതിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എം എസ് കാര്‍ണിക് എന്നിവര്‍ക്ക് നിവേദനം നല്‍കി. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യറിന്റെ (ജഡ്ജിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ബാധകമായ) 197ാം വകുപ്പ് പ്രകാരമാണ് അദ്ദേഹം നിവേദനം നല്‍കിയത്.
അതേസമയം, കേണല്‍ പുരോഹിത്തിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് എന്‍ഐഎ അഭിഭാഷകന്‍ സന്ദേഷ് പട്ടീല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മലേഗാവ് സ്‌ഫോടനത്തില്‍ പുരോഹിതിന്റെ പങ്കാളിത്തം ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമാണെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. ഇതോടെ, കേസില്‍ ഒരു ഫയല്‍ കൂടി സമര്‍പ്പിക്കാന്‍ രോഹത്ഗി സമയം തേടി. ഇത് പരിഗണിച്ച ബോംബെ ഹൈക്കോടതി കേസ് സെപ്തംബര്‍ 23 ലേക്ക് മാറ്റി.
മലേഗാവ് സ്‌ഫോടന കേസില്‍ യുഎപിഎ പ്രകാരം തന്നെ വിചാരണ ചെയ്യുന്നത് പുരോഹിത് നേരത്തെ ചോദ്യം ചെയ്തിരുന്നു. 2008 ഡിസംബര്‍ 31 ന് യുഎപിഎയില്‍ വരുത്തിയ ഭേദഗതി പ്രകാരം ഒരാളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷനുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമോ ഇല്ലയോ എന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്യും. എന്നാല്‍, കേണല്‍ പുരോഹിത്തിന്റെ കേസില്‍ അത്തരമൊരു സമിതി രൂപീകരിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് യുഎപിഎ ഒഴിവാക്കണമെന്ന വാദം ഉന്നയിച്ചത്. എന്നാല്‍, 2009 ജനുവരി 17 ന് നല്‍കിയ തീര്‍പ്പില്‍ പുരോഹിതിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി കോടതി നല്‍കി.
2008ലാണ് രാജ്യത്തെ നടുക്കിയ മലേഗാവ് സ്‌ഫോടനം നടക്കുന്നത്. ആറ് പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് ഭരണകൂടം സ്‌ഫോടനത്തെ വിശേഷിപ്പിച്ചത്. പ്രഗ്യാ സിംഗ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.