മലേഗാവ് സ്ഫോടന കേസ്: പ്രജ്ഞാസിങ് താക്കൂറിനോട് ഹാജരാകാൻ എൻഐഎ കോടതി

സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പ്രജ്ഞാസിങ് താക്കൂറിന്റേതാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രജ്ഞാസിങിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.

Update: 2019-06-03 15:37 GMT

മുംബൈ: മലേഗാവ് സ്ഫോടന കേസ് വാദം കേൾക്കുന്ന എൻഐഎ പ്രത്യേക കോടതി ബിജെപി എംപി പ്രജ്ഞാസിങ് താക്കൂറിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രജ്ഞാസിങിൻറെ ആവശ്യം കോടതി തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉണ്ടെന്ന് കാണിച്ചാണ് പ്രഗ്യാ സിംഗ് കോടാതിയെ സമീപിച്ചത്.

മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് പ്രജ്ഞാസിങ് താക്കൂർ ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 17 ന് പാർലമെൻറ് മൺസൂൺ കാല സമ്മേളനം ആരംഭിക്കുമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇനിയും പൂർത്തീകരിച്ചിട്ടില്ലെന്നും പ്രജ്ഞാസിങ് താക്കൂറിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പ്രജ്ഞാസിങ് താക്കൂറിന് ഇതിന് മുമ്പ് മൂന്ന് തവണ കോടതി അവധി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവും നാമനിർദേശ പത്രിക സമർപ്പിക്കുവാനുമായിരുന്നു ഇത്. വീണ്ടും അവധി അനുവദിക്കാൻ ആകില്ലെന്ന നിലപാടാണ് എൻഐഎ കോടതി ജഡ്ജി വിഎസ് പഡൽകർ സ്വീകരിച്ചത്.

ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008 സപ്തംബര്‍ 29ലെ മലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വരാണെന്നു കണ്ടെത്തിയത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആയിരുന്നു. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പ്രജ്ഞാസിങ് താക്കൂറിന്റേതാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രജ്ഞാസിങിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.

എന്നാൽ പിന്നീട് കേസന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി 2016 മെയില്‍ പ്രജ്ഞാസിങിന് ക്ലീന്‍ചിറ്റ് നല്‍കി. ഈയിടെ ജാമ്യത്തിലിറങ്ങിയ ശേഷം ബിജെപിയില്‍ അംഗത്വമെടുത്താണ് ഭോപാലില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങിനെതിരേ മല്‍സരിച്ചത്. 

Tags:    

Similar News