പ്രജ്ഞാസിങ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വം; മാലേഗാവ് സ്‌ഫോടന ഇരയുടെ പിതാവ് നല്‍കിയ ഹരജിയില്‍ എന്‍ഐഎയ്ക്ക് കോടതി നോട്ടീസ്

മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സൈദ് അസ്ഹറിന്റെ പിതാവ് നിസാര്‍ അഹ്മദ് സമര്‍പിച്ച ഹരജിയിലാണ് കോടതി നടപടി. അനാരോഗ്യം ചൂണ്ടിക്കാണിച്ചു ജാമ്യം നേടിയ പ്രതി പ്രജ്ഞാ സിങ് താക്കൂര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നു ഹരജിയില്‍ നിസാര്‍ അഹ്മദ് ചൂണ്ടിക്കാണിച്ചിരുന്നു

Update: 2019-04-18 15:25 GMT

ഭോപാല്‍: ഭോപാലില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രജ്ഞാസിങ് താക്കൂറിനെ വിലക്കണമെന്നാവശ്യപ്പെ്ട്ടു മാലേഗാവ് സ്‌ഫോടന ഇരയുടെ പിതാവ് നല്‍കിയ ഹരജിയില്‍ എന്‍ഐഎയ്ക്ക് കോടതി നോട്ടീസ്. സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിങ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിലപാട് അറിയിക്കാനാണ് മലേഗാവ് സ്‌ഫോടനക്കേസ് പരിഗണിക്കുന്ന കോടതി നിര്‍ദേശം. മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സൈദ് അസ്ഹറിന്റെ പിതാവ് നിസാര്‍ അഹ്മദ് സമര്‍പിച്ച ഹരജിയിലാണ് കോടതി നടപടി. അനാരോഗ്യം ചൂണ്ടിക്കാണിച്ചു ജാമ്യം നേടിയ പ്രതി പ്രജ്ഞാ സിങ് താക്കൂര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നു ഹരജിയില്‍ നിസാര്‍ അഹ്മദ് ചൂണ്ടിക്കാണിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങ്, ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ലോക്‌സഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും പ്രചാരണം നടത്തുകയുമാണ്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രതി വിദ്വേഷക പ്രസംഗം നടത്തുകയുമാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജാമ്യം നേടിയതെന്നു ഇതില്‍ നിന്നു വളരെ വ്യക്തമാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കുകയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്യണമെന്നുമാണ് ഹരജിയില്‍ നിസാര്‍ അഹ്മദ് ആവശ്യപ്പെട്ടിരുന്നത്. ഹരജി പരിഗണിച്ച കോടതി വിശദീകരണം ആവശ്യപ്പെട്ടാണ് എന്‍ഐഎയ്ക്ക് നോട്ടീസ് അയച്ചത്. മലേഗാവില്‍ ഒട്ടേറെ മുസ്‌ലിംകളുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാസിങ് ഠാക്കൂര്‍ ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെയാണ് മല്‍സരിക്കുന്നത്. 2008ലാണ് മാലേഗാവ് സ്‌ഫോടനം നടന്നത്. ആറുപേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ മലേഗാവ് സ്‌ഫോടനത്തെ വിശേഷിപ്പിച്ചത്.

Tags:    

Similar News