വീടും സ്ഥലവും നഷ്ടപ്പെട്ടു; മല്ലികപ്പാറ കോളനിക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു
കല്‍പ്പറ്റ: തിരുനെല്ലി മല്ലികപ്പാറ കോളനി നിവാസികളുടെ പുനരധിവാസ പ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കുടുംബങ്ങള്‍ കലക്ടറേറ്റ് പടിക്കല്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു. കിടപ്പാടമില്ലാതെ പെരുവഴിയിലായ കാട്ടുനായ്ക്ക വിഭാഗത്തിലെ ഒമ്പത് കുടുംബങ്ങളാണ് തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കലക്ടറേറ്റിന് മുന്നില്‍ അന്തിയുറങ്ങുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
കാട്ടുമൃഗങ്ങളുടെ ഉപദ്രവവും നടന്നുകൊണ്ടിരുന്ന വഴി നാഗമന എസ്റ്റേറ്റുകാര്‍ തടഞ്ഞതും കാരണം പട്ടയമടങ്ങുന്ന രേഖകള്‍ ഉണ്ടായിരുന്ന കോളനി നിവാസികള്‍ 10 വര്‍ഷം മുമ്പ് വീടും സ്ഥലവും ഉപേക്ഷിച്ച് പോരുകയായിരുന്നു. സ്വന്തമായി വീടില്ലാത്ത കുടുംബങ്ങള്‍ വാടക വീടുകളിലാണ് താമസിക്കുന്നത്.
വീടിനും സ്ഥലത്തിനും വേണ്ടി പലതവണ അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവാത്തതിനാല്‍ മറ്റ് മാര്‍ഗമില്ലാതെയാണ് സമരത്തിനൊരുങ്ങുന്നതെന്ന് കോളനിവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥിരമായി ജോലി ഇല്ലാത്തതിനാല്‍ വാടക പോലും നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണ്. അന്തിയുറങ്ങാനും കൃഷി ചെയ്ത് ജീവിക്കാനും ഒരു തുണ്ട് ഭൂമി തരാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കോളനി നിവാസികളായ ദാസന്‍, ബിന്ദു, അഭിരാം എന്നിവര്‍ പറഞ്ഞു.