എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 'അച്ഛന്റെ സുഹൃത്ത്' പിടിയില്‍

Update: 2024-10-09 05:21 GMT

കോട്ടയം: നാട്ടകത്ത് കാറിലെത്തി എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അച്ഛന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ അതിരമ്പുഴ സ്വദേശി ആസിഫിനെയാണ് ചിങ്ങവനം പോലിസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തെന്നു പറഞ്ഞ് കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 78, 137 വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. ലഹരികേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

    വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞുമടങ്ങുന്നതിനിടെ സമീപത്തെ ക്ഷേത്രത്തിനടുത്ത് നിര്‍ത്തിയിട്ട കാറിലാണ് യുവാവ് ഉണ്ടായിരുന്നത്. കഞ്ഞിക്കുഴിയിലേക്കുള്ള വഴി ചോദിച്ച ശേഷം വീട്ടില്‍ക്കൊണ്ടുപോയി വിടണമോയെന്നും ചോദിച്ചു. നിരസിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞിട്ടാണ് വന്നതെന്നും അച്ഛന്റെ സുഹൃത്താണെന്നും പറഞ്ഞ് നിര്‍ബന്ധിച്ചു. യുവാവിന്റെ കൈയില്‍ സ്‌പ്രേ കുപ്പിയുണ്ടായിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. ഭയപ്പെട്ടുപോയ പെണ്‍കുട്ടി വേഗത്തില്‍ നടന്നുപോയതായും പെണ്‍കുട്ടി പറഞ്ഞു. നേരത്തേ, മേഖലയിലുണ്ടായ തട്ടിക്കൊണ്ടുപോവല്‍ ശ്രമങ്ങളെ കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News