പൊതുസ്ഥലത്ത് തുപ്പിയതിനെ ചൊല്ലി തര്‍ക്കം; ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് തുപ്പിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 8.30 ഓടെ ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പ്രദേശത്താണ് പൊതുസ്ഥലത്ത് തുപ്പിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായത്. സംഭവത്തില്‍ 26 കാരനായ ഡ്രൈവര്‍ അങ്കിതിനു പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ നെറ്റ്‌വര്‍ക്ക് എന്‍ജിനീയറായ പ്രവീണ്‍(29) ആണ് അറസ്റ്റിലായത്. ഭായ് വീര്‍ സിങ് മാര്‍ഗിലെ താമസക്കാരനായ അങ്കിത് കര്‍ണാടക സംഗീതസഭയിലെ ഡ്രൈവറായിരുന്നു. മന്ദിര്‍ മാര്‍ഗിലെ ഷഹീദ് ഭഗത് സിങ് സമുച്ചയത്തില്‍ പരസ്യമായി തുപ്പിയെന്നാരോപിച്ച് വാക്കേറ്റവും സംഘട്ടനവുമുണ്ടായതെന്ന് പോലിസ് പറഞ്ഞു.
കൊറോണ വൈറസ് ഭീതിയാണോ ഏറ്റുമുട്ടലിനു കാരണമെന്ന് അന്വേഷിക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദീപക് യാദവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മറ്റ് പല നഗരങ്ങളിലും പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ചിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും തുപ്പല്‍ നിരോധിച്ചിരിക്കുകയാണ്. എന്നാലും ഇതുമായി ബന്ധപ്പെട്ട് സംഘട്ടനം നടക്കുകയോ കൊലപാതകം നടക്കുകയോ ചെയ്തതായി അറിയില്ലെന്ന് പോലിസ് വ്യക്തമാക്കി. കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും പ്രവീനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലിസ് പറഞ്ഞു.