30 വര്‍ഷത്തിന് ശേഷം കുടുംബത്തില്‍ തിരികെയെത്തിയ ഭീം സിങ് തട്ടിപ്പുകാരന്‍; നാലു മാസം മുമ്പ് മറ്റൊരു കുടുംബത്തിലും തിരികെയെത്തി
മകനെ കാണാതായ ഗാസിയാബാദിലെയും ഡെറാഡൂണിലെയും വീടുകളിലാണ് ഇയാള്‍ തിരികെയെത്തിയത്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് ഒമ്പത് വയസുള്ളപ്പോള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ 30 വര്‍ഷത്തിന് ശേഷം കുടുംബത്തിന് തിരികെ കിട്ടിയെന്ന വാര്‍ത്ത രാജ്യമെമ്പാടും ചര്‍ച്ചയായിരുന്നു. ഗാസിയാബാദ് സ്വദേശിയായ തുല്‍റാമിന് ഇപ്പോള്‍ 39 വയസുള്ള മകനെ തിരികെ കിട്ടിയതില്‍ രാജ്യം സന്തോഷിച്ചു. എന്നാല്‍, ഈ വാര്‍ത്ത വന്നതോടെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ആശാ ശര്‍മയുടെ കുടുംബം പ്രതിസന്ധിയിലായി.
16 വര്‍ഷം മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ഒമ്പതു വയസുകാരനായ മകന്‍ മോനു ശര്‍മയെ അവര്‍ക്ക് തിരികെ കിട്ടിയിട്ട് നാലു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഗാസിയാബാദിലെ തുല്‍റാമിന്റെ വീട്ടിലെത്തിയതും ഡെറാഡൂണിലെ ആശാ ശര്‍മയുടെ വീട്ടിലെത്തിയതും ഒരേ ആളാണെന്നാണ് ഇപ്പോള്‍ പോലിസ് കണ്ടെത്തിയിരിക്കുന്നത്. എന്തായാലും പോലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്.
ആശാ ശര്‍മയുടെ വീട്ടില്‍ മോനു ശര്‍മയായി എത്തിയപ്പോള്‍
2008ല്‍ അജ്ഞാത സംഘം വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയ തന്നെ രാജസ്ഥാനിലെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ തടവിലാക്കിയെന്നാണ് ഇയാള്‍ ആശാ ശര്‍മയുടെ കുടുംബത്തോട് പറഞ്ഞിരുന്നത്. ആട് വാങ്ങാന്‍ പ്രദേശത്ത് എത്തിയ ഒരു ട്രക്ക് ഡ്രൈവറാണ് തന്നെ രക്ഷിച്ചതെന്ന് പറഞ്ഞാണ് ഇയാള്‍ ഡെറാഡൂണിലെ പോലിസ് സ്‌റ്റേഷനില്‍ എത്തിയത്. മോനു ശര്‍മയെന്ന തന്നെ ചിലര്‍ കുട്ടിക്കാലത്ത് തട്ടിക്കൊണ്ടു പോയതാണെന്നും കുടുംബവുമായി ബന്ധപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഡെറാഡൂണ്‍ എസ്എസ്പി അജയ് സിങ്ങിന്റെ നിര്‍ദേശ പ്രകാരം വിവരം പ്രദേശത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും അറിയിച്ചു.
പോലിസ് നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ബ്രഹ്മന്‍ വാലയിലെ ആശ ശര്‍മ, മോനു ശര്‍മ തന്റെ മകനാണെന്ന് അവകാശപ്പെട്ട് പോലിസിനെ സമീപിച്ചു. കുട്ടിക്കാലത്തെ നിരവധി സംഭവങ്ങള്‍ ഇയാള്‍ പറഞ്ഞതോടു കൂടി പോലിസും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, കുടുംബത്തിലെ ചില കാര്യങ്ങള്‍ പറഞ്ഞതില്‍ അവ്യക്തതയുണ്ടായിരുന്നെങ്കിലും കുട്ടിക്കാലത്തേ കാണാതായതിനാല്‍ മോനു മറന്നു പോയതാവാമെന്നും കുടുംബം കരുതി. തുടര്‍ന്ന് രാജു എന്ന പുതിയ വിളിപ്പേരും അവര്‍ മോനു ശര്‍മക്ക് നല്‍കി.
ഇത് കഴിഞ്ഞ് നവംബര്‍ അവസാനമാണ് ഗാസിയാബാദിലെ ഖോഡ പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ എത്തിയത്. ഭീം സിങ് എന്ന പേരിലാണ് ഇത്തവണ ഇയാള്‍ എത്തിയത്. സ്‌കൂള്‍ വിട്ടു ഓട്ടോയില്‍ വരുകയായിരുന്ന തന്നെ ഓട്ടോ ഡ്രൈവര്‍ തന്നെയാണ് തട്ടിക്കൊണ്ടു പോയി രാജസ്ഥാനിലെ ഒരു ആട് ഫാമിന് വിറ്റതെന്നും ഇയാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഒരു സന്നദ്ധസംഘടനയുടെ ഇടപെടലിലാണ് താന്‍ മോചിതനായതെന്നും ഇയാള്‍ പോലിസിനെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു കടലാസും പോലിസിന് നല്‍കി. സഹോദരിമാരുമൊത്ത് സ്‌കൂള്‍ വിട്ടു വരുകയായിരുന്ന ഭീം സിങ്ങിനെ ഓട്ടോയിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് 1993ല്‍ ഖോഡ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ് പറയുന്നത്. 1993ല്‍ കാണാതായ മകന്‍ എന്നെങ്കിലും തിരികെ വരുമെന്ന് കരുതി ഗാസിയാബാദില്‍ തന്നെ ജീവിച്ചിരുന്ന തുല്‍റാം ഇത് വിശ്വസിച്ചു ഇയാളെ കൂടെക്കൂട്ടുകയായിരുന്നു.
തുല്‍റാമിന്റെ വീട്ടില്‍ ഭീം സിങായി എത്തിയപ്പോള്‍
അതേസമയം, മോനു ശര്‍മ തട്ടിപ്പുകാരനായിരുന്നുവെന്ന് സംശയമുണ്ടായിരുന്നതായി ആശ ശര്‍മയുടെ ഭര്‍ത്താവ് കപില്‍ ദേവ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മറ്റു മക്കളുടെ കുട്ടികള്‍ വീട്ടില്‍ വരുന്നതിന് അവന്‍ എതിരായിരുന്നു. അതും പറഞ്ഞ് എന്നും വീട്ടില്‍ തല്ലുണ്ടാക്കുമായിരുന്നു. അവനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും കപില്‍ ദേവ് ശര്‍മ ആവശ്യപ്പെട്ടു.
കേസില്‍ ഗാസിയാബാദ് പോലിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് പോലിസിലെ മനുഷ്യക്കടത്ത് വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രദീപ് പന്ത് പറഞ്ഞു. ഇയാളുടെ ഉദ്ദേശവും ഐഡന്റിയും മനസിലാക്കാന്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.