ബംഗളൂരു: ദലിത് യുവതിയെ ആണ്‍സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു. 23കാരിയായ ദാനേശ്വരിയാണ് മനസ്സാക്ഷി മരവിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് ശിവകുമാര്‍ ചന്ദ്രശേഖര്‍ ഹിരേഹലയ്‌ക്കെതിരേ ദാനേശ്വരിയുടെ സഹോദരി തേജസ്വിനി പോലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌സി-എസ്ടി ആക്ട്, ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരവും പോലിസ് കേസെടുത്തു.
ദാനേശ്വരിയും പ്രതിയായ ശിവകുമാര്‍ ചന്ദ്രശേഖറും വിജയപുര ജില്ലയിലെ ഒരേ കോളജില്‍ എന്‍ജിനീയറിങ് കോഴ്‌സിന് പഠിക്കുകയായിരുന്നു. അതിനിടെ ഇവര്‍ തമ്മില്‍ സൗഹൃദം സ്ഥാപിച്ചു. പഠനശേഷം ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇരുവരും ബന്ധം തുടര്‍ന്നു. ദാനേശ്വരിക്ക് വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി ഒപ്പം താമസിച്ചിരുന്നതെന്നാണ് സഹോദരി പോലിസിനെ അറിയിച്ചത്. ദാനേശ്വരി വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷം മടങ്ങിവരാമെന്നായിരുന്നു ശിവകുമാറിന്റെ മറുപടി.
വിജയപുരയില്‍ നിന്ന് മടങ്ങിയെത്തിയ ശിവകുമാര്‍, ദാനേശ്വരി ദലിത് വിഭാഗത്തില്‍പ്പെട്ടതിനാല്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ദാനേശ്വരി ശിവകുമാറിന്റെ ജോലിസ്ഥലത്തെത്തി തന്നെ വിവാഹം കഴിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍, ശിവകുമാറാവട്ടെ ദാനേശ്വരിയെ അസഭ്യം പറയുകയും ജാതീയമായി അധിക്ഷേപിക്കുകയുമായിരുന്നു.
പിന്നീട് ശിവകുമാര്‍ തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദാനേശ്വരിയെ വിളിച്ചുവരുത്തി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ദാനേശ്വരിയെ ആശുപത്രിയിലെത്തിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ യുവതി മാര്‍ച്ച് 15നാണ് മരണത്തിന് കീഴടങ്ങിയത്.