30 മണിക്കൂറുകള്‍ പിന്നിട്ടു, ഭക്ഷണവും വെള്ളവുമില്ലാതെ മലയിടുക്കില്‍ ബാബു; രക്ഷാദൗത്യത്തിന് കരസേനയും മലമ്പുഴയില്‍
പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കരസേനയുടെ സംഘം മലമ്പുഴയിലെത്തി. തമിഴ്‌നാട് വെല്ലിങ്ടണില്‍നിന്നുള്ള 11 അംഗ കരസേനാ സംഘമാണ് വാളയാറില്‍നിന്ന് ചെറോടിലേക്ക് എത്തിയത്. രാത്രി വൈകിയാണ് സംഘം സ്ഥലത്തെത്തിയത്. രാത്രിയില്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനാവുമോയെന്ന് സംഘം പരിശോധിച്ചുവരികയാണ്. കരസേനാംഗങ്ങള്‍ കലക്ടറുമായി ആശയവിനമയം നടത്തി.
പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്. രാത്രി ഇരുട്ട് നിറഞ്ഞ പ്രദേശത്ത് എപ്രകാരമുള്ള രക്ഷാപ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നതെന്നും സംഘം ദൗത്യം ആരംഭിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. രക്ഷാദൗത്യത്തിന് ബംഗളൂരുവില്‍നിന്ന് വ്യോമസേനയുടെ പാരാ കമാന്‍ഡോകളുമെത്തുന്നുണ്ട്. അവരെ വ്യോമമാര്‍ഗം സുലൂരിലെത്തിക്കും. അവിടെനിന്ന് റോഡുമാര്‍ഗം മലമ്പുഴയിലെത്തും. ബംഗളൂരു പാരാ റെജിമെന്റല്‍ സെന്ററില്‍നിന്നുള്ള കമാന്‍ഡോകള്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിലാണ് സൂലൂരിലേക്ക് പുറപ്പെട്ടത്.
രക്ഷാപ്രവര്‍ത്തകരുടെ സുഗമമായ സഞ്ചാരത്തിന് വാളയാര്‍ മുതല്‍ മലമ്പുഴ വരെയുള്ള റോഡില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ പോലിസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തമിഴ്‌നാട് വെല്ലിങ്ടണില്‍നിന്ന് 11 അംഗ കേന്ദ്ര സേനാ സംഘവും പാലക്കാട്ടേക്ക് തിരിച്ചു. ഇത് കൂടാതെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹെലികോപ്റ്ററുമെത്തും. നാവികസേനാ ഉദ്യോഗസ്ഥരും നാളെ തിരച്ചിലിനായെത്തും. മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) ആണ് മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത്. ബാബു ഇതിനകം മലയിടുക്കില്‍ 33 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതുവരെ ഭക്ഷണമോ വെള്ളമോ എത്തിക്കാനായിട്ടില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പാറക്കെട്ടിനു സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങിപ്പോയിരുന്നു. ചെങ്കുത്തായ കുമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റുമൂലം യുവാവിന്റെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല. ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുന്നതോടെ പ്രാര്‍ത്ഥനയോടെ മലയുടെ അടിവാരത്ത് കാത്തിരിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. തിങ്കളാഴ്ച വൈകീട്ടോടെയാണ് ബാബു സുഹൃത്തുക്കള്‍ക്കൊപ്പം മലകയറിയതും കാല്‍വഴുതി താഴേക്ക് വീണു മലയിടുക്കില്‍ കുടുങ്ങിയതും.
തിങ്കളാഴ്ച രാത്രിയോടെ പോലിസും ദുരന്തനിവാരണ സേനയും ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോവാന്‍ സാധിച്ചില്ല. അതോടെ രാത്രി മലമുകളില്‍തന്നെ സംഘം ക്യാംപ് ചെയ്യുകയാണ്. വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കുന്നത്. വടമുപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കു ചെന്നെത്താനായിരുന്നു ആദ്യശ്രമം. എന്നാല്‍, ചെങ്കുത്തായ മലയായതിനാല്‍ വടം കെട്ടാനോ താഴേക്ക് ഇറങ്ങാനോ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. നേവിയുടെ സഹായത്തോടെ ഹെലികോപ്റ്റര്‍ എത്തിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാനായി അടുത്ത നീക്കം. ജില്ലാ കലക്ടര്‍ ഇടപെട്ട് ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു.
ഉച്ചയോടെ ഹെലികോപ്റ്ററെത്തി. എന്നാല്‍, മലമുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം ഹെലികോപ്റ്റര്‍ മടങ്ങി. ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചയ്ക്കാണ് മലകയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ മല ഇറങ്ങിയശേഷം പോലിസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
വീഴ്ചയില്‍ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഹെലികോപ്റ്ററിലെ രക്ഷാപ്രവര്‍ത്തകര്‍ക്കു ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഫോണ്‍ ഓഫായ നിലയിലാണ്. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച സമയം ബാബു ശബ്ദമുയര്‍ത്തി പ്രതികരിച്ചിരുന്നു. എന്നാല്‍, രക്ഷാദൗത്യം ഫലം കാണാതെ ഉച്ചയോടെ സംഘം തിരിച്ചിറങ്ങിയപ്പോള്‍ ബാബു പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശബ്ദം കുറഞ്ഞു. മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവശതയിലായിരിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.