'അര്‍ജുന്റെ പേരില്‍ ഒരു രൂപ പോലും പിരിച്ചിട്ടില്ല, തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ; കുടുംബത്തിന്റെ ആരോപണംതള്ളി ലോറി ഉടമ മനാഫ്
കോഴിക്കോട്: പണപ്പിരിവ് ഉള്‍പ്പെടെയുള്ള അര്‍ജുന്റെ കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങളില്‍ മറുപടിയുമായി ലോറി ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണ്. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്ക്കും. താന്‍ കുടുംബത്തിന് പണം കൊടുത്തിട്ടില്ല. ഒരിക്കല്‍ ഉസ്താദിനോടൊപ്പം കുടുംബത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം പണം കൊടുത്തിരുന്നു. അതായിരിക്കും കുടുംബം ഉദ്ദേശിച്ചത്. എന്നെ തള്ളിപ്പറഞ്ഞാലും കുഴപ്പമില്ല. അര്‍ജുന്റെ കുടുംബത്തിന് ആവശ്യം വന്നാല്‍ ഇനിയും കൂടെ നില്ക്കും. എന്റെ ലോറിക്ക് അര്‍ജുന്റെ പേരിടും. ഇതുവരെ കാര്യമായ തര്‍ക്കം കുടുംബവുമായി ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് പറഞ്ഞു.
അതിനിടെ, യൂ ട്യൂബ് ചാനലിനെ കുറിച്ചുള്ള അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്കും മനാഫ് മറുപടി നല്കി. തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശം. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റ്. ഷിരൂരില്‍ എത്തിയ ശേഷം തന്നെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അര്‍ജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് ഉദ്ദേശിച്ചത്. ഇനി യൂട്യൂബ് ചാനല്‍ ഉഷാറാക്കും. അര്‍ജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. എന്റെ യൂട്യൂബ് ചാനല്‍ നോക്കിയാല്‍ അത് മനസ്സിലാവുമെന്നും മനാഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.