എഫ്എ കപ്പ്: സിറ്റിക്ക് പിറകെ യുനൈറ്റഡും വീണു; ആഴ്‌സണല്‍-ചെല്‍സി ഫൈനല്‍

ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. 45ാം മിനിറ്റില്‍ ജിറൗഡിലൂടെയാണ് ചെല്‍സി ഗോള്‍ വേട്ട തുടങ്ങിയത്.

Update: 2020-07-19 19:38 GMT

ലണ്ടന്‍: എഫ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിറകെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും വീണു. ഇന്ന് നടന്ന രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ചെല്‍സിയാണ് വീഴ്ത്തിയത്. ഇതോടെ ഫൈനലില്‍ ചെല്‍സി ആഴ്‌സണലിനെ നേരിടും.

ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. 45ാം മിനിറ്റില്‍ ജിറൗഡിലൂടെയാണ് ചെല്‍സി ഗോള്‍ വേട്ട തുടങ്ങിയത്. തുടര്‍ന്ന് അടുത്ത മിനിറ്റില്‍ മൗണ്ടിലൂടെ രണ്ടാം ഗോള്‍. മൂന്നാം ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. യുനൈറ്റഡിന് വേണ്ടി 85ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് ഏക ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. തകര്‍പ്പന്‍ ഫോമിലൂള്ള യുനൈറ്റഡ് പ്രതിരോധത്തെ നിഷ്പ്രഭരാക്കിയായിരുന്നു ലംമ്പാര്‍ഡിന്റെ പട ഇന്ന് കളിച്ചത്. ഇതോടെ എഫ് കപ്പ് കിരീടമെന്ന കോച്ച് സോള്‍ഷ്യറിന്റെ സ്വപ്‌നം പൊലിഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലില്‍ ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ ശിഷ്യനായ കോച്ച് അര്‍ട്ടേറ്റയാണ് ആഴ്‌സണല്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഒബമായങിന്റെ ഇരട്ട ഗോളാണ് ആഴ്‌സണലിനെ ഫൈനലില്‍ എത്തിച്ചത്.

19ാം മിനിറ്റില്‍ പെപ്പെയുടെ ക്രോസില്‍ നിന്നാണ് ഒബമായാങ് ആദ്യ ഗോള്‍ നേടിയത്. 71ാം മിനിറ്റില്‍ ടിയേര്‍നിയുടെ പാസ്സില്‍ നിന്നാണ് ഒബമായങ്ങിന്റെ രണ്ടാം ഗോള്‍. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ആഴ്‌സണല്‍ സിറ്റിയെ തോല്‍പ്പിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഫൈനല്‍. 

Tags:    

Similar News