മംഗളൂരു ബോട്ടപകടം: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു, അപകട കാരണം തേടി മറീന്‍ മര്‍ക്കന്റൈല്‍ വിഭാഗം
മല്‍സ്യബന്ധന ബോട്ടില്‍ ഇടിച്ച സിംഗപ്പൂര്‍ റജിസ്‌ട്രേഷനിലുള്ള എപിഎല്‍ ലിഹ്വാറെ എന്ന ചരക്കുകപ്പല്‍ തുറമുഖ വകുപ്പിന് കീഴിലുള്ള മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം പരിശോധിച്ചു
കോഴിക്കോട്: മംഗളൂരു ബോട്ടപകടത്തില്‍ കാണാതായ തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളായ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല. നാവിക, തീരദേശ സേനകളും പോലിസും തിരച്ചില്‍ തുടരുകയാണ്. അതിനിടെ, അപകട കാരണം കണ്ടെത്തുന്നതിന് മറീന്‍ മര്‍ക്കന്റൈല്‍ വിഭാഗം അന്വേഷണം തുടങ്ങി.
മല്‍സ്യബന്ധന ബോട്ടില്‍ ഇടിച്ച സിംഗപ്പൂര്‍ റജിസ്‌ട്രേഷനിലുള്ള എപിഎല്‍ ലിഹ്വാറെ എന്ന ചരക്കുകപ്പല്‍ തുറമുഖ വകുപ്പിന് കീഴിലുള്ള മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം പരിശോധിച്ചു. ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. മംഗളൂരു തുറമുഖത്തിലായിരുന്നു പരിശോധന. എന്നാല്‍ അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അതേസമയം കാണാതായ മല്‍സ്യതൊഴിലാളികള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. നാവികസേനയും തീരസംരക്ഷണസേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
14 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടിലെ രണ്ട് പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താനായത്. സ്രാങ്കടക്കം മരിച്ച മൂന്ന് പേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കപ്പല്‍ ഇടിച്ചുതകര്‍ന്ന ബോട്ട് പൂര്‍ണമായും കടലില്‍ മുങ്ങിത്താഴ്ന്നു. കാണാതായവര്‍ മുങ്ങിപ്പോയ ബോട്ടിന്റെ വീല്‍ ഹൗസില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നത്.ഈ മാസം 11 ന് രാത്രി ബേപ്പൂരില്‍ നിന്ന് പോയ ബോട്ടിലാണ് മുംബൈ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വിദേശ ചരക്കുകപ്പല്‍ ഇടിച്ചത്. അപകടത്തില്‍ മരിച്ച തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളായ മൂന്ന് മല്‍സ്യതൊഴിലാളികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോയി.