മംഗളൂരു: ജനകീയ ട്രൈബ്യൂണല്‍ തെളിവെടുപ്പ് പോലിസ് തടഞ്ഞു

തെളിവെടുപ്പ് നടക്കുന്നതിനിടെ ഹോട്ടല്‍ ഉടമയെ സ്വാധീനിച്ച് പോലിസ് മുറി ഒഴിപ്പിക്കുകയായിരുന്നു.

Update: 2020-01-07 11:57 GMT

പി സി അബ്ദുല്ല

മംഗളൂരു: കഴിഞ്ഞ മാസം 19ന് മംഗളൂരുവില്‍ രണ്ടു പേര്‍ വെടിയേറ്റു മരിച്ചത് സംബന്ധിച്ച ജനകീയ ട്രൈബ്യൂണല്‍ പോലിസ് ഇടപെട്ട് തടഞ്ഞു. തെളിവെടുപ്പ് നടക്കുന്നതിനിടെ ഹോട്ടല്‍ ഉടമയെ സ്വാധീനിച്ച് പോലിസ് മുറി ഒഴിപ്പിക്കുകയായിരുന്നു.

റിട്ട.സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാല ഗൗഢ, മുന്‍ സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടര്‍ ബി ടി വെങ്കടേഷ്, മാദ്ധ്യമപ്രവര്‍ത്തകന്‍ സുഗത ശ്രീനിവാസ റാവു എന്നിവരടങ്ങിയ സമിതിയാണ് തെളിവെടുപ്പിനെത്തിയത്. തെളിവെടുപ്പ് ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ ഉടമ താരാനാഥ് ഷെട്ടി തെളിവെടുപ്പ് നിര്‍ത്താനും മുറി ഒഴിയാനും ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലില്‍ തെളിവെടുപ്പ് തുടര്‍ന്നാല്‍ പോലിസ് ഭാഗത്തു നിന്ന് തനിക്ക് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നും ഉടമ അറിയിച്ചു.

വെടിവെപ്പില്‍ മരിച്ച അബ്ദുല്‍ ജലീലിന്റെ മക്കളായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷബീബ്, ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശിഫാലി, വെടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന മുന്‍ മേയര്‍ കെ അഷ്‌റഫ്, മാധ്യമപ്രവര്‍ത്തകന്‍ ഇസ്മയില്‍, പൊതുപ്രവര്‍ത്തകന്‍ യു എച്ച് ഉമര്‍, പോലിസ് അക്രമത്തിനിരയായ ഹൈലാന്റ് ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂനുസ് എന്നിവരില്‍ നിന്ന് തെളിവെടുത്തതിന് പിന്നാലെയാണ് പരിപാടി തടസ്സപ്പെട്ടത്.

Tags:    

Similar News