സ്ത്രീധന സമ്പ്രദായത്തിലൂടെ പൗരുഷം വില്‍ക്കപ്പെടുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
കോഴിക്കോട്: സ്ത്രീധന സമ്പ്രദായത്തിലൂടെ പൗരുഷം വില്‍ക്കപ്പെടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. 'സ്ത്രീധനം ലഹരി വ്യാപനം, കുട്ടികള്‍ക്കെതിരായ അതിക്രമം; സാമൂഹിക തിന്മകള്‍ക്കെതിരേ സ്ത്രീ മുന്നേറ്റം' എന്ന പ്രമേയത്തില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 01 മുതല്‍ 29 വരെ നടത്തുന്ന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനവും ലഹരിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളും പരസ്പരം ബന്ധമുള്ളതാണ്. സ്ത്രീധനം വഴി സ്ത്രീയല്ല വില്‍ക്കപ്പെടുന്നത്. മറിച്ച് പുരുഷനാണ്. ആട് മാടുകളെ വില്‍ക്കുന്നത് പോലെ പുരുഷന്മാരെ വില്‍ക്കുകയാണ്. സ്ത്രീധനത്തിലൂടെ പുരുഷന്‍ അപമാനിതനാവുകയാണ്. സ്ത്രീത്വത്തിന് വില കല്‍പ്പിക്കാത്ത ഒരു സമൂഹം അധമമായിരിക്കുന്നു. സ്ത്രീധനം നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീ ഭാരമായി മാറുകയാണ്. സ്ത്രീയും പുരുഷനും തുല്യമായി പരിഗണിക്കപ്പെടേണ്ടവരാണ്. അത് പ്രബുദ്ധമായ ഒരു സംസ്‌കൃതിയിലാണ് കാണാന്‍ സാധിക്കുക. അപകടകരമായ ലഹരിവ്യാപനം സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒരു മതവും ലഹരിയെ അംഗീകരിക്കുന്നില്ല. ലഹരി വില്‍പ്പന വരുമാന സ്രോതസ്സായി കണക്കാക്കുമ്പോള്‍ അതുമൂലമുണ്ടാവുന്ന സാമൂഹിക പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുള്‍പ്പെടെ സുരക്ഷിതത്വവും സമാധാനവും തകര്‍ക്കുന്ന സാമൂഹിക വിപത്തായി ലഹരി മാറിയിരിക്കുകയാണെന്നും അതിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന ഖജാഞ്ചി മഞ്ജുഷ മാവിലാടം, സംവിധായിക ലീലാ സന്തോഷ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, സംസ്ഥാന സമിതിയംഗങ്ങളായ കെ കെ ലസിത, ബാബിയാ ശരീഫ്, ജമീല വയനാട്, ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍ സംസാരിച്ചു.