മണിപ്പൂര്‍ കലാപം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഡല്‍ഹിയില്‍ പ്രതിഷേധസമരം നടത്തി

Update: 2023-07-29 15:19 GMT

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുക, വിവിധഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തള്ളിപ്പറയുക, കുറ്റക്കാര്‍ക്കെതിരേ കേന്ദ്ര ഭരണകൂടം കര്‍ശന നടപടിയെടുക്കുക, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് മുതലായവ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കുക തുടങ്ങിയ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ സമരം നടത്തി. തീരം തീരവാസികളില്‍ നിന്ന് അന്യമാവുന്ന നടപടികളില്‍ ശാശ്വത പരിഹാരം കാണുക, കടല്‍ ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിര്‍മിച്ച് പരിപാലിക്കാനുള്ള സ്ഥിരം നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കേരളത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ രൂപതകളിലും യൂനിറ്റുകളിലും നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഡല്‍ഹിയില്‍ സമരം നടത്തിയത്.

    സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. മണിപ്പൂരില്‍ നടക്കുന്നത് വംശീയ സംഘര്‍ഷമല്ല, വര്‍ഗീയ കലാപമാണെന്ന് ഇപ്പോള്‍ വ്യക്തമായി. മണിപ്പൂരില്‍ മാത്രമല്ല ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കലാപം മൂന്നുമാസം കഴിഞ്ഞിട്ടും അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കെഎല്‍സിഎ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രടറി ജി ദേവരാജന്‍, കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി പ്രഫ. കെ വി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, കെഎല്‍സിഎ സംസ്ഥാന ഖജാഞ്ചി രതീഷ് ആന്റണി, കൃപാസനം ഡയറക്ടര്‍ ഫാ. വി പി ജോസഫ്, കൊച്ചി രൂപത മുന്‍ വികാരി ജനറല്‍ റവ. ഡോ. പീറ്റര്‍ ചടയങ്ങാട്ട്, സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജയ്‌സണ്‍ വടശേരി, വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ്, കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, സാബു കാനക്കപ്പിള്ളി, ജോസഫ്കുട്ടി കടവില്‍, സെക്രട്ടറി ഷൈജ ടീച്ചര്‍, വിന്‍സ് പെരിഞ്ചേരി, പാട്രിക് മൈക്കിള്‍, ലെസ്റ്റര്‍ കാര്‍ഡോസ്, സി ജെ പോള്‍, ജോണ്‍ ബ്രിട്ടോ, ജസ്റ്റിന്‍ ആന്റണി, വികാസ് കുമാര്‍, ജോബ് പുളിക്കല്‍, എബി കുന്നേപറമ്പില്‍, ആന്റണി റോബര്‍ട്ട് സംസാരിച്ചു.

Tags:    

Similar News