കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം മനീഷ് സിസോദിയ, ഞങ്ങളെ ഒരുമിച്ചങ്ങ് ജയിലിലടയ്ക്കൂ; മോദിയോട് കെജ്‌രിവാള്‍

Update: 2022-06-02 09:16 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അടുത്തത് ലക്ഷ്യം വയ്ക്കുന്നത് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സിസോദിയയെ അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്യുമെന്ന് തനിക്ക് വിശ്വസനീയമായ ഉറവിടത്തില്‍ നിന്ന് വിവരം ലഭിച്ചെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അങ്ങനെയെങ്കില്‍ തങ്ങളെ എല്ലാവരെയും ഒരുമിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം.

സിസോദിയയ്‌ക്കെതിരേ വ്യാജകേസുണ്ടാക്കാന്‍ എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യുക, അന്വേഷണവും റെയ്ഡും നടത്തുക. അത് കഴിഞ്ഞ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലിയില്‍ പ്രവേശിക്കാം. ഇത്തരത്തിലുള്ള രാഷ്ട്രീയമൊന്നും ഞങ്ങള്‍ക്ക് അറിയില്ല. ജോലി ചെയ്യാന്‍ മാത്രമേ തങ്ങള്‍ക്ക് ആഗ്രഹമുള്ളൂ. 'വിദ്യാഭ്യാസരംഗത്ത് മനീഷ് സിസോദിയയുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുന്ന 18 ലക്ഷം കുട്ടികളോട് എനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ട്.

മനീഷ് സിസോദിയ അഴിമതിക്കാരനാണോ ? ലോകത്തിനുമുമ്പില്‍ ഇന്ത്യയ്ക്ക് മഹത്വം കൊണ്ടുവന്നു. അത്തരത്തിലുള്ള ഒരാളെ അറസ്റ്റ് ചെയ്യണോ ബഹുമതി നല്‍കണോ..?' കെജ്‌രിവാള്‍ ചോദിച്ചു. അതുപോലെ മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കാനും വാക്‌സിനുകള്‍ കൃത്യമായി വിതരണം ചെയ്യാനും സത്യേന്ദര്‍ ജെയിന്‍ മുന്‍കൈയ്യെടുത്തിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇവരെ രണ്ടുപേരെയും കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാരാക്കുകയാണ്. ഇവര്‍ അഴിമതിക്കാരാണെങ്കില്‍ പിന്നെ ആരാണ് സത്യസന്ധരെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് മന്ത്രിമാരെയും കള്ളക്കേസില്‍ കുടുക്കാനും അവരുടെ പേരുകള്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, അത് നടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്തര്‍ ജയിന്റെ അറസ്റ്റും കെജ്‌രിവാള്‍ കഴിഞ്ഞ ജനുവരിയില്‍ പ്രവചിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കള്ളപ്പണക്കേസില്‍ സത്യേന്തര്‍ ജയിന്‍ അറസ്റ്റിലായത്. ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ജയിന്‍.

Tags:    

Similar News