സൈബര്‍ പോര് മുറുകുന്നു; കണ്ണൂര്‍ സിപിഎം കലങ്ങിമറിയുമോ...?
ഒഞ്ചിയവും എടയന്നൂരും വിപ്ലവമായിരുന്നില്ല, വൈകൃതമാണെന്ന് മനു തോമസ്
ബഷീര്‍ പാമ്പുരുത്തി
കണ്ണൂര്‍: ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സൈബര്‍ പോര് മുറുകുന്നു. സിപിഎമ്മില്‍നിന്ന് പുറത്തായ ഡിവൈഎഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിന്റെ വെളിപ്പെടുത്തലുകളും ഇതിന് സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍ നല്‍കിയ മറുപടിയുമാണ് സൈബര്‍ പോര് രൂക്ഷമാക്കുന്നത്. പി ജയരാജന് മറുപടി നല്‍കിയ മനു തോമസിനെതിരേ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും അനുയായികളും ഉള്‍പ്പെടെ പരസ്യമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ ആകാശ് തില്ലങ്കേരി അത് പിന്‍വലിച്ചെങ്കിലും മനു തോമസ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പി ജയരാജനെ അദ്ദേഹത്തിന്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ എഫ് ബി പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളി ഭീഷണിയുമായി വന്നത് ക്വട്ടേഷന്‍, സ്വര്‍ണം പൊട്ടിക്കല്‍ മാഫിയ സംഘത്തിന്റെ തലവന്‍മാര്‍ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്നായിരുന്നു മനു തോമസിന്റെ മറുപടി. കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാന്‍ അധികം സമയം വേണ്ട എന്ന ഭീഷണിയില്‍ നിന്നും.... അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് പറയണ്ട ബാധ്യത സിപിഎമ്മിന്റെ നേതൃത്വത്തിനാണ് അതവര്‍ പറയട്ടെ. കൊലവിളി നടത്തിയ സംഘത്തലവന്‍മാരോട്, നിങ്ങള്‍ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ... അത് ആര്‍ക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും കൂടുതല്‍ പറയിപ്പിക്കരുതെന്നും മനു തോമസ് ഓര്‍മിപ്പിക്കുന്നുണ്ട്. ഒഞ്ചിയവും എടയന്നൂരും ഉള്‍പ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ഒറ്റക്കായാലും സംഘടനയില്‍ നിന്ന് ആയാലും. ആരാന്റെ കണ്ണീരും സ്വപ്നവും തകര്‍ത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷന്‍ മാഫിയ സ്വര്‍ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈന്‍ കമ്മ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല. കൊല്ലാനാവും. പക്ഷേ, നാളെയുടെ
നാവുകള്‍ നിശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളേ എന്നാണ് മനുതോമസിന്റെ പരാമര്‍ശങ്ങള്‍. ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റായിരിക്കെ മറ്റൊരു നേതാവായ എം ഷാജറിനെതിരേ സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം ആരോപിച്ച് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനു പിന്നാലെയാണ് മനുതോമസ് നിര്‍ജീവമായത്. ഒരുവര്‍ഷത്തോളം പാര്‍ട്ടി യോഗങ്ങളില്‍നിന്നു വിട്ടിനുല്‍ക്കുകയും അംഗത്വം പുതുക്കാതിരിക്കുകയും ചെയ്തതോടെ സിപിഎമ്മില്‍നിന്നു പുറത്തായി. തന്റെ പരാതികളില്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും ഇപ്പോഴും പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ക്ക് ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും മനു തോമസ് വ്യക്തമാക്കിയതോടെയാണ് വീണ്ടും വിവാദം തുടങ്ങിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തന്നെ, മനുവിന്റെ പരാതിയില്‍ കഴമ്പില്ലെന്നു കണ്ട് അന്വേഷണം അവസാനിപ്പിച്ചതായി വ്യക്തമാക്കിരുന്നു. ഇതിനു പിന്നാലെ, മാധ്യമങ്ങളിലൂടെ മനു തോമസ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരേ പി ജയരാജന്‍ രംഗത്തെത്തിയതോടെയാണ് രംഗം വീണ്ടും ചൂടുപിടിച്ചത്. മനുവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍ വ്യക്തമാക്കിയതോടെ, പാര്‍ട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയത് താങ്കളാണെന്ന് തിരിച്ചടിച്ചു. മാത്രമല്ല, പി ജയരാജന്റെ മകനും ക്വട്ടേഷന്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് നാട്ടിലും വിദേശത്തും സമ്പത്തുണ്ടാക്കിയെന്നും ക്വാറി മാഫിയകള്‍ക്കു വേണ്ടി ഇടപെട്ടെന്നും ആരോപണം ഉന്നയിച്ചു. ഇതിനിടെയാണ്, ക്വട്ടേഷന്‍ ബന്ധം ആരോപിച്ച് സിപിഎം തള്ളിപ്പറഞ്ഞ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയവര്‍ മനു തോമസിനെതിരേ രംഗത്തെത്തിയത്. ഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെയും എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതും ഉള്‍പ്പെടെയുള്ള സംഭവങ്ങളെയാണ് ഏറ്റവുമൊടുവില്‍ മനു തോമസ് വിമര്‍ശിച്ചത്. മാത്രമല്ല, കൂടുതലൊന്നും പറയിപ്പിക്കരുതെന്ന മുന്നറിയിപ്പും മനു തോമസ് നല്‍കുന്നുണ്ട്. ഫേസ്ബുക്കിലൂടെ ഇരു വിഭാഗവും പോരടിക്കാന്‍ തുടങ്ങിയതോടെ സിപിഎം കണ്ണൂര്‍ നേതൃത്വവും അങ്കലാപ്പിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ തെറ്റുതിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോവുന്ന സിപിഎമ്മിന് ഏറ്റവും വലിയ തട്ടകത്തില്‍ തന്നെ ഭിന്നത രൂക്ഷമാവുകയാണ്. മാത്രമല്ല, പാര്‍ട്ടി തള്ളിപ്പറഞ്ഞവര്‍ തന്നെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടി സംരക്ഷണമൊരുക്കുമ്പോള്‍ വടിയെടുക്കാനാവാത്ത വിധത്തില്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വരുംദിവസങ്ങളില്‍ ഇരുവിഭാഗവും സോഷ്യല്‍മീഡിയയിലൂടെ പോര് തുടരുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാട്ടിലെ സിപിഎം രാഷ്ട്രീയം കലങ്ങിമറിയുമെന്നുറപ്പാണ്.