'ഒറ്റുകാരനെ തിരിച്ചറിയുക...; മനുതോമസിനെതിരേ 'തില്ലങ്കേരി സഖാക്കള്‍'; കണ്ണൂര്‍ സിപിഎമ്മിലെ ക്വട്ടേഷന്‍ ആരോപണം പരസ്യ പോരിലേക്ക്
കണ്ണൂര്‍: ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് ആരോപണം സംബന്ധിച്ച വിവാദങ്ങള്‍ കണ്ണൂര്‍ സിപിഎമ്മില്‍ പരസ്യ പോരിലേക്ക് നീങ്ങുന്നു. സ്വര്‍ണക്കടത്ത് സംഘട്ടിന് പിന്തുണ നല്‍കുന്നുവെന്ന ആരോപണത്തില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സിപിഎം അംഗത്വമൊഴിഞ്ഞ ഡിവൈഎഫ് ഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് മനുതോമസ് സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജനെതിരേ മറുപടി നല്‍കിയതിനു പിന്നാലെ 'തില്ലങ്കേരി സഖാക്കള്‍' എന്ന ഫേസ്ബുക്ക് കൂട്ടായ്മയും രംഗത്തെത്തി. ഒറ്റുകാരനെ തിരിച്ചറിയുക എന്ന അടിക്കുറിപ്പോടെ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച 'തില്ലങ്കേരി സഖാക്കള്‍' മനു തോമസ് പി ജയരാജനെതിരേ ഇട്ട പോസ്റ്റിനും മറുപടി നല്‍കി. സംവാദത്തിന് ക്ഷണിച്ചിട്ട് കമന്റ് ബോക്‌സ് ഓഫ് ചെയ്യുന്നോ മൊയന്തേ എന്നാണ് പുതിയ പോസ്റ്റ്. പൊതുപ്രവര്‍ത്തനം പണം സമ്പാദിക്കാനുള്ള മാര്‍ഗമായി കരുതുന്നവര്‍ നാടിന്റെ ശാപം, ഇവരെ കരുതിയിരിക്കുക എന്ന പോസ്റ്ററും ഒന്നിച്ചു കൊടുത്തിട്ടുണ്ട്. ഇതോടെ, ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധം ചൂടുപിടിക്കുകയാണ്. പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ ശക്തമായി പിന്തുണയ്ക്കുന്ന സംഘമാണ് 'തില്ലങ്കേരി സഖാക്കള്‍'. നേരത്തേ സ്വര്‍ണക്കടത്ത് സംഭവത്തില്‍ സിപിഎം തള്ളിപ്പറഞ്ഞ, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളവരാണ് പേജിനു പിന്നിലെന്നാണ് സൂചന. ഏതായാലും കണ്ണൂര്‍ സിപിഎമ്മില്‍ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വര്‍ണക്കടത്ത് വിവാദം ആരോപണ-പ്രത്യാരോപണങ്ങളായി പുറത്തുവരികയാണ്. സിപിഎം നേതൃത്വം തന്നെ മനുതോമസിനെ തള്ളിപ്പറഞ്ഞെങ്കിലും മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പി ജയരാജനെ ഉന്നമിട്ടുള്ള പരാമര്‍ശങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ വീണ്ടും വിവാദത്തിലേക്കെത്താന്‍ കാരണമായത്.