രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കുന്നത് തടയണം; കേരളം സുപ്രീംകോടതിയില്‍

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് 2013 ല്‍ കുറ്റിയാടി പോലിസ് സ്‌റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പോലിസ് സ്‌റ്റേഷനിലെ ഒരു കേസിലും രൂപേഷിനെതിരെ യുഎപിഎ, രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തിയത്.

Update: 2020-09-10 07:41 GMT

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയില്‍. വളയം, കുറ്റിയാടി പോലിസ് സ്‌റ്റേഷനുകളിലെ യുഎപിഎ, രാജ്യദ്രോഹ കേസുകള്‍ 2019ല്‍ ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അഭിഭാഷകന്‍ നിഷേ രാജന്‍ ഷൊങ്കറാണ് കേരളത്തിന്റെ പുതിയ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

2019 സെപ്റ്റംബറില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് കേസുകളിലെ രാജ്യദ്രോഹ കുറ്റവും, യുഎപിഎ വകുപ്പും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഹൈക്കോടതി വിധി മുന്‍നിര്‍ത്തി വിവിധ വിചാരണ കോടതികളില്‍ തനിക്കെതിരെയുളള യുഎപിഎ കേസുകള്‍ ഒഴിവാക്കാനായി രൂപേഷ് ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാലക്കാട്ടെ കെഎഫ്‌സി റസ്‌റ്റോറന്റ് ആക്രമണം അടക്കം രണ്ട് കേസുകളിലെ യുഎപിഎ പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഒഴിവാക്കിയിരുന്നു. രൂപേഷും ഭാര്യ ഷൈനയും അടക്കം ഒന്‍പത് പേരായിരുന്നു ഈ കേസിലെ പ്രതികള്‍. ഇത്തരത്തില്‍ യുഎപിഎ കേസുകള്‍ ഒഴിവാക്കാന്‍ സഹായകമായ 2019ലെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ കോടതികളെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് തടയണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് 2013 ല്‍ കുറ്റിയാടി പോലിസ് സ്‌റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പോലിസ് സ്‌റ്റേഷനിലെ ഒരു കേസിലും രൂപേഷിനെതിരെ യുഎപിഎ, രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തിയത്. ഈ കേസുകളിലെ യുഎപിഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തളളി. തുടര്‍ന്ന് 2016 മുതല്‍ കസ്റ്റഡിയിലുള്ള തന്റെ കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നത് ചോദ്യം ചെയ്തും കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടും രൂപേഷ് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി.

യുഎപിഎ ചുമത്തുന്നതിന് 14 ദിവസത്തിനകം പ്രോസിക്യൂഷന്‍ അനുമതി തേടണമെന്നാണ് വ്യവസ്ഥ. എന്നാല്‍ യുഎപിഎ കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ നാല് മുതല്‍ ആറ് മാസംവരെ കാലതാമസം ഉണ്ടാക്കിയെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മൂന്ന് കേസുകളിലെ രാജ്യദ്രോഹ കുറ്റവും, യുഎപിഎ വകുപ്പും കോടതി റദ്ദാക്കിയത്. രാജ്യദ്രോഹ കേസില്‍ പ്രോസിക്യുഷന്‍ അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

അതേസമയം, യുഎപിഎ അനുസരിച്ച് പ്രോസിക്യൂഷന്‍ അനുമതി സമയബന്ധിതമായി ലഭിക്കണം എന്നത് നിര്‍ദേശക സ്വഭാവം ഉള്ള വ്യവസ്ഥയാണെന്നും, അത് നിര്‍ബന്ധമല്ലെന്നുമാണ് സുപ്രീംകോടതിയിലെ കേരളത്തിന്റെ വാദം. 

Tags:    

Similar News