കമാന്‍ഡോയുടെ 'കസ്റ്റഡി' ചിത്രം പുറത്ത് വിട്ടു മാവോവാദികള്‍; ഒരു വര്‍ഷം മുമ്പുള്ള ഫോട്ടോയെന്ന് കുടുംബം

കാമന്‍ഡോയെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അതിനുമുന്‍പ് സന്ധി സംഭാഷണത്തിന് ഒരാളെ നിയമിക്കണമെന്നും മാവോവാദികള്‍ ആവശ്യപ്പെട്ടു.

Update: 2021-04-07 14:28 GMT

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായ സിആര്‍പിഎഫ് കമാന്‍ഡോ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് മാവോവാദികള്‍ ചിത്രം പുറത്തുവിട്ടു. ഏറ്റുമുട്ടല്‍ നടന്ന് മൂന്നു ദിവസം പിന്നിടുമ്പോഴാണ് 'കസ്റ്റഡിയിലുള്ള' ജവാന്റെ ചിത്രം മാവോവാദികള്‍ പുറത്തുവിട്ടത്. ജവാനെ കണ്ടെത്താനായുള്ള ശ്രമം തുടര്‍ന്നുവരവെയാണ് വെളിപ്പെടുത്തല്‍.

കാമന്‍ഡോയെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അതിനുമുന്‍പ് സന്ധി സംഭാഷണത്തിന് ഒരാളെ നിയമിക്കണമെന്നും മാവോവാദികള്‍ ആവശ്യപ്പെട്ടു. സന്ധി സംഭാഷണത്തിന് സര്‍ക്കാര്‍ ആളെ നിയോഗിക്കുന്നതുവരെ ജവാന്‍ തങ്ങളുടെ കസ്റ്റഡിയില്‍ സുരക്ഷിതനായിരിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നു. സിപിഐ മാവോവാദി ദണ്ഡകാരുണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെതാണ് പ്രതികരണം. സിആര്‍പിഎഫ് കോബ്ര കമാന്‍ഡോ രാകേഷ് സിങ് മന്‍ഹാസന്റെ ചിത്രമാണ് മാവോവാദികള്‍ പുറത്തുവിട്ടത്.

എന്നാല്‍, കസ്റ്റഡിയിലുള്ള ജവാന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഒരു വര്‍ഷം മുമ്പുള്ളതാണെന്ന് കുടുംബം വ്യക്തമാക്കി.സിആര്‍പിഎഫ് കോബ്ര കമാന്‍ഡോ രാകേഷ് സിങ് മന്‍ഹാസിന്റെ ഒരുവര്‍ഷം മുന്‍പുള്ള ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് കുടുംബം പറഞ്ഞു.ഒരുവര്‍ഷം മുന്‍പ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ രാകേഷിന്റെ ഫോണില്‍ താന്‍ ഈ ചിത്രം കണ്ടിട്ടുണ്ടെന്ന് സൈനികന്റെ ബന്ധു പ്രവീണ്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് മാവോയിസ്റ്റുകളുടെ നാടകമാണെന്ന് പറഞ്ഞ കുടുബം, എത്രയും വേഗം രാകേഷിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജമ്മു-പൂഞ്ച് ദേശീയപാതയില്‍ പ്രതിഷേധം നടത്തി. രാകേഷിനെ കണ്ടെത്താനായുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണെന്ന് സിആര്‍പിഎഫ് അറിയിച്ചു. ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുധനാഴ്ച വാട്‌സ്ആപ്പ് വഴിയാണ് ഈ ചിത്രം ലഭിച്ചത്.

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലിനിടെ മാവോവാദികള്‍ രാകേഷ് സിങിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ഭരണകൂടം സത്യസന്ധമായല്ല പെരുമാറുന്നത് എന്നും രണ്ടുപേജുള്ള ഹിന്ദിയിലെഴുതിയ കത്തില്‍ മാവോവാദികള്‍ പറയുന്നു. ഈ കത്തിന്റെ ആധികാരിത സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ 12ല്‍ക്കൂടുതല്‍ മാവോവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 16പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നുമാണ് സിആര്‍പിഎഫ് വിലയിരുത്തല്‍.

Tags:    

Similar News