രക്തസാക്ഷിത്വം ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരും: പി അബ്ദുല്‍ മജീദ് ഫൈസി
ആലപ്പുഴ: രക്തസാക്ഷിത്വം ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ശഹീദ് കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതൃത്വങ്ങളെ കൊലപ്പെടുത്തി ആദര്‍ശ മുന്നേറ്റങ്ങളെ ഇല്ലാതാക്കാമെന്നത് ഫാഷിസ്റ്റ് വ്യാമോഹം മാത്രമാണ്. സംഘപരിവാരം അവരുടെ ലക്ഷ്യം നേടുന്നതിനുവേണ്ടി വിവിധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. അതില്‍ ഒന്നാണ് എതിരാളികളെ കൊലപ്പെടുത്തുക എന്നത്. എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയതിലൂടെ ആര്‍എസ്എസ് ലക്ഷ്യമിട്ടതും അതായിരുന്നു. അതും പിഴച്ചിരിക്കുന്നുവെന്ന് അവര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. ആര്‍എസ്എസ്സിനെതിരേ ആദര്‍ശപരമായ നിലപാട് എടുക്കുന്നവരെയെല്ലാം അവര്‍ ശത്രു ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു. അത്തരത്തിലാണ് കെ എസ് ഷാനും അവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. പ്രവര്‍ത്തകരോ നേതാക്കളോ ശത്രുവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിലൂടെ തകര്‍ന്നുപോയ ഒരു പ്രസ്ഥാനവും ചരിത്രത്തിലില്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നതിലൂടെ സംഘപരിവാരത്തിന് വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തിന്റെ കൊലപാതകം എന്ന ഗാന്ധിജി രക്തസാക്ഷി ദിന സന്ദേശം ഇന്നും സംഘപരിവാരങ്ങളെ അലോസരപ്പെടുത്തുന്നു. പിന്നീട് ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെ തടയാമെന്ന് കരുതി കല്‍ബുര്‍ഗിയെയും ദബോല്‍ക്കറെയും പന്‍സാരയെയും ഗൗരി ലങ്കേഷിനെയും എല്ലാം അവര്‍ കൊലപ്പെടുത്തി. എന്നാല്‍ രാജ്യസ്‌നേഹികളുടെ രക്തസാക്ഷിത്വം ഭരണഘടനാ സംരക്ഷണ വാദികള്‍ക്ക് എന്നും ഊര്‍ജമായി മാറിയിരിക്കുകയാണ്. സയണിസത്തില്‍ നിന്നും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും നാസിസത്തില്‍ നിന്നും ഫാഷിസത്തില്‍ നിന്നുമാണ് അവര്‍ വംശശുദ്ധീകരണ പ്രത്യയശാസ്ത്രം കടമെടുത്തത്. എന്നാല്‍ നേതാക്കളെ ഇല്ലാതാക്കി ജനാധിപത്യ മുന്നേറ്റങ്ങളെ തകര്‍ക്കാമെന്നത് ഫാഷിസ്റ്റുകളുടെ വ്യാമോഹം മാത്രമാണെന്ന് കെ എസ് ഷാന്റെ കൊലപാതകം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ ഗവര്‍ണര്‍ സംഘപരിവാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളും മുഴുവന്‍ ഗ്രാമങ്ങളും സംഘപരിവാര്‍ ഭരണത്തിന്‍ കീഴില്‍ പ്രതിസന്ധിയിലാണ്. രാജ്യത്തെ 91 ശതമാനം പൗരന്മാരെയും മനുഷ്യനായി കാണാത്ത പ്രത്യയശാസ്ത്രമായ മനുസ്മൃതി യാണ് അവരുടെ ഭരണഘടന. ആര്‍എസ്എസ് കടന്നാക്രമണത്തിന് ഇരയാവാത്ത ഇന്ത്യന്‍ തെരുവുകള്‍ വിരളമാണ്. ഇങ്ങനെ പലവിധ പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ ജനതയ്ക്ക് വെളിച്ചമേകുന്നതാണ് കെ എസ് ഷാന്റെ ജീവത്യാഗമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് കാജാ ഹുസൈന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം എം താഹിര്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ് സംസാരിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസിങ്) പി പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, വി ടി ഇക്‌റാമുല്‍ഹഖ്, സംസ്ഥാന സമിതിയംഗങ്ങളായ എം ഫാറൂഖ്, ജോര്‍ജ് മുണ്ടക്കയം, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ്, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം സംബന്ധിച്ചു.