മഅ്ദനി: കേരള ജനത പുലര്‍ത്തുന്ന നിസംഗത ലജ്ജാവഹം-അല്‍ ഹാദി അസോസിയേഷന്‍

Update: 2023-07-06 09:25 GMT

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ കേരള ജനത പുലര്‍ത്തുന്ന മൗനം അങ്ങേയറ്റം ലജ്ജാവഹമാണെന്ന് അല്‍ ഹാദി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. വിചാരണ തടവുകാരനായി ഇത്രയും കാലം ഒരാള്‍ ജയിലില്‍ കഴിയേണ്ടി വരുന്നത് പേരുകേട്ട ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടാണ്. കുറ്റം തെളിയിക്കപ്പെട്ട കൊടുംകുറ്റവാളികള്‍ ഭരണ സിരാകേന്ദ്രങ്ങളുടെ കുഞ്ചിക സ്ഥാനങ്ങളില്‍ പോലും അമര്‍ന്നിരിക്കുമ്പോഴാണ് നിര്‍മിത സാക്ഷികളുടെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മഅ്ദനിക്ക് ജയിലിലും ജാമ്യത്തടങ്കലിലുമായി കഴിയേണ്ടി വരുന്നത്. ഗുരുതരാവസ്ഥയിലുള്ള പിതാവിനെ കാണാന്‍ സുപ്രിം കോടതി അനുവദിച്ച മൂന്നു മാസത്തെ കാലാവധി സംഘപരിവാരത്തിന്റെ പിടിവാശി കൊണ്ട് മാത്രം നിഷ്ഫലമായി പോവുകയായിരുന്നു. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ തീര്‍ത്തും അനീതി നിറഞ്ഞ നിലപാട് തിരുത്തിക്കിട്ടാനായി പരിക്ഷീണനായ ഒരു പൗരന്‍ സമീപിക്കുമ്പോള്‍ അതിനെതിരേ മുഖം തിരിക്കുകയാണ് പിന്നീട് പരമോന്നത കോടതി ചെയ്തത്. ജനകീയ കോടതിയില്‍ ജനമെഴുതിയ വിധിയാണ് അവസാന നിമിഷമെങ്കിലും മഅ്ദനിക്ക് കേരളത്തിലെത്താന്‍ വഴിയൊരുക്കിയത്. പക്ഷേ, പിതാവിനെ കാണാന്‍ അവസരമുണ്ടാവുന്നതിന് മുമ്പ് തന്നെ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ പക്ഷത്തുനിന്ന് ഇടപെടാന്‍ പ്രബുദ്ധ കേരളത്തില്‍ നിന്ന് ഒരാളും രംഗത്ത് വന്നില്ല എന്നത് ഏറ്റവും ഖേദകരമാണ്. ഇരയാക്കപ്പെട്ട സമുദായത്തിലെ എണ്ണമറ്റ സംഘടനകള്‍ പോലും അദ്ദേഹത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത കൂടുതല്‍ അപകടകരമാണെന്നതില്‍ സംശയമില്ല. വിവിധ തിരഞ്ഞെടുപ്പുകളില്‍ മഅ്ദനിയുടെയും പാര്‍ട്ടിയുടെയും പിന്തുണ തരാതരം തരപ്പെടുത്തി ഭരണത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ നന്ദിയുടെ ഭാഗമായെങ്കിലും വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നും അല്‍ ഹാദി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News