കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ചേക്കും; സൂചന നല്‍കി ദിഗ്‌വിജയ് സിങ്
അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കാന്‍ നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും ഇല്ലെന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ചേക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മൽസരിക്കുമോയെന്ന ചോദ്യത്തിന് 'നമുക്ക് നോക്കാം' എന്ന് അദ്ദേഹം മറുപടി നല്‍കി. മൽസരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ സപ്തംബര്‍ 30ന് വൈകിട്ട് ഇതിന്റെ ഉത്തരം അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കാന്‍ നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും ഇല്ലെന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഒരു ആശങ്കയും ഇല്ല. മൽസരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൽസരിക്കാനുള്ള അവകാശമുണ്ട്. ഒരാള്‍ക്ക് മൽസരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അവരെ മൽസരിപ്പിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കാന്‍ വിമുഖത കാണിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്തയാളെ മുന്‍ നിര്‍ത്തി മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരസിംഹ റാവുവും സീതാറാം കേസരിയും ആയിരുന്നപ്പേള്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മൽസരിക്കുന്നുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും നോമിനേഷന്‍ നല്‍കും. നെഹ്‌റു കുടുംബത്തിന്റെ പിന്തുണ ഗെഹ്‌ലോട്ടിനാണ്. മുതിര്‍ന്ന നേതാവായ മനീഷ് തിവാരിയും മൽസരത്തിന് രംഗത്തുണ്ട്.