ജോലിയുണ്ട്, സഖാക്കളുടെ പട്ടിക തരൂ; പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്

Update: 2022-11-05 05:25 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പുറത്തായത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് 'അഭ്യര്‍ഥിക്കുന്നു'.


 അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തിയ്യതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്. 'തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര്, വേക്കന്‍സ് എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'- എന്നാണ് കത്തിന്റെ ഉള്ളടക്കം. ആരെയെങ്കിലും ശുപാര്‍ശ ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചുകൊണ്ട് വാര്‍ഡിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ഒരു നേതാവ് ഫോര്‍വേഡ് ചെയ്തതോടെയാണ് കത്ത് പുറത്തുവന്നത്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം കടുത്ത സാഹചര്യത്തിലാണ് കത്ത് പുറത്തായതെന്നതും ശ്രദ്ധേയം. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, സംഭവം വിവാദമായതോടെ ഇത്തരമൊരു കത്ത് താന്‍ ഒപ്പിട്ട് നല്‍കിയിട്ടില്ലെന്ന പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്തെത്തി. ഇക്കാര്യം മേയര്‍ നിഷേധിക്കുകയാണെങ്കില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആവശ്യപ്പെട്ടു.

Tags:    

Similar News