എംഎസ്‌സി നഴ്‌സിങ് പ്രവേശനം: പിന്നാക്ക വിഭാഗങ്ങള്‍ക്കും മുസ് ലിംകള്‍ക്കും സംവരണ നിഷേധത്തിന്റെ പുതിയ ഇരുട്ടടിയെന്ന് മെക്ക
എംഎസ്, എംഡി തുടങ്ങിയ മെഡിക്കല്‍ പി ജി കോഴ്‌സുകള്‍ക്കും മറ്റു പ്രഫഷണല്‍ പാരാമെഡിക്കല്‍ പിജി കോഴ്‌സുകള്‍ക്കും എസ് ഇബി സി സംവരണം 27 ശതമാനമായി ഉത്തരവിറക്കിയ സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളെ പ്രത്യേകിച്ച് ഈഴവ, മുസ്‌ലിം, വിശ്വകര്‍മ , ധീവര , കുശവ വിഭാഗങ്ങളുടെ സംവരണ വിഹിതം വെട്ടിക്കുറച്ചു കൊണ്ടുള്ള നടപടി ആരംഭിച്ചുവെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി
കൊച്ചി: പിന്നാക്ക വിഭാഗങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും സംവരണ നിഷേധത്തിന്റെ പുതിയ ഇരുട്ടടിയാണ് പുറത്തിറങ്ങിയ എംഎസ്‌സി നഴ്‌സിങ് പ്രവേശന പ്രൊസ്‌പെക്ടസ് എന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി.
എംഎസ്, എംഡി തുടങ്ങിയ മെഡിക്കല്‍ പി ജി കോഴ്‌സുകള്‍ക്കും മറ്റു പ്രഫഷണല്‍ പാരാമെഡിക്കല്‍ പിജി കോഴ്‌സുകള്‍ക്കും എസ് ഇബി സി സംവരണം 27 ശതമാനമായി ഉത്തരവിറക്കിയ സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളെ പ്രത്യേകിച്ച് ഈഴവ, മുസ്‌ലിം, വിശ്വകര്‍മ , ധീവര , കുശവ വിഭാഗങ്ങളുടെ സംവരണ വിഹിതം വെട്ടിക്കുറച്ചു കൊണ്ടുള്ള നടപടി ആരംഭിച്ചുവെന്നും എന്‍ കെ അലി ആരോപിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2122021 ലെ 231/2021 നമ്പര്‍ ഉത്തരവ് പ്രകാരം, 2021-22 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസിലാണ് കള്ളക്കളിയും തിരിമറിയും സംവരണ നിഷേധവും തുടക്കം കുറിച്ചിരിക്കുന്നതെന്നും എന്‍ കെ അലി ആരോപിച്ചു.
27 ശതമാനം എസ്ഇബിസി സംവരണത്തില്‍ ഓരോ വിഭാഗത്തിനും പ്രത്യേകം നിശ്ചയിക്കേണ്ട നിലവിലെ നിരക്കുകളിലാണ് കുറവു വരുത്തി സംവരണം നിഷേധിച്ചിട്ടുള്ളത്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും ആരോഗ്യ വകുപ്പിലെയും പിന്നാക്കവിരുദ്ധ ലോബിയും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് മാഫിയകളുമായുള്ള ഈ ഗൂഢാലോചനയില്‍ പ്രഫഷണല്‍ പിജി കോഴ്‌സ് പ്രവേശന കാര്യത്തില്‍ കോടികളുടെ അഴിമതിക്ക് വിത്തുപാകി കഴിഞ്ഞുവെന്നും എന്‍ കെ അലി ആരോപിച്ചു.
എം എസ്സ് സി നഴ്‌സിങ് പ്രൊസ് പെക്ടസിലൂടെയുള്ള ഈ ടെസ്റ്റ് ഡോസ് എസ്ഇബിസി വിഭാഗങ്ങള്‍ക്ക് ഭാവിയില്‍ കനത്ത നഷ്ടത്തിന് ഇടയാക്കും.ഈഴവ മുസ്‌ലിം, വിശ്വകര്‍മ , ധീവര , കുശവ വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന പ്രത്യേക വിഹിതത്തില്‍ കുറവു വരുത്തിയും പ്രത്യേക നിരക്ക് പൂര്‍ണമായും ഒഴിവാക്കി മറ്റു പിന്നോക്കവിഭാഗങ്ങളിലേക്ക് കൂട്ടിച്ചേര്‍ത്തും ഈ വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന വിഹിതമാണ് നിഷേധിച്ചിരിക്കുന്നത്.
എംഎസ് , എംഡി. കോഴ്‌സുകളുടെ പ്രൊസ്‌പെക്ടസ് പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ എംഎസ് സി നഴ്‌സിങ്ങില്‍ തുടക്കം കുറിച്ചിട്ടുള്ള കള്ളക്കളിയും തിരിമറിയും സംവരണ നിഷേധവും മുസ്‌ലിംകള്‍ക്കുള്ള ഇരട്ട പ്രഹരമാണ്. വഖഫ് ബോര്‍ഡ് നിയമന വിവാദം കത്തി നില്‍ക്കെ മുസ്‌ലിംകള്‍ക്കുള്ള ഈ ഇരുട്ടടി ഇടതു സര്‍ക്കാരിന്റെ മുസ്‌ലിം,പിന്നാക്ക വിരുദ്ധ നിലപാട് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതായും എന്‍ കെ അലി ആരോപിച്ചു.