മെഡി. കോളജിലെ ആക്രമണം: അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനായില്ല
കോഴിക്കോട്: മെഡി. കോളജില്‍ സുരക്ഷ ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകനെയും അക്രമിച്ച കേസില്‍ അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനായില്ല. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതായി പൊലീസ് പറയുന്നതല്ലാതെ പ്രതികളെ തൊടാനാവത്ത അവസ്ഥയിലാണ് പോലിസ്.
കേസില്‍ പ്രതി ചേര്‍ത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഇരിങ്ങാടന്‍ പള്ളി സ്വദേശികളായ കെ രാജേഷ്, എം കെ ആഷിന്‍, മായനാട് ഇയ്യക്കാട്ടില്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. ഹരജി കോടതി ഇന്ന് പരിഗണിക്കും.
പ്രതികള്‍ക്കായി പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് വിവരം. ഇരിങ്ങാടന്‍പള്ളി സ്വദേശികളായ സജിന്‍ മഠത്തില്‍, പി.എസ്. നിഖില്‍, കോവൂര്‍ സ്വദേശി കിഴക്കേപറമ്പ് ജിതിന്‍ലാല്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റ് മൂന്നുപേര്‍. കണ്ടാലറിയാവുന്ന 16 ആളുടെ പേരിലാണ് ആദ്യം കേസെടുത്തിരുന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ ദിനേശനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മരണംവരെ സംഭവിക്കാവുന്ന കഠിന ദേഹോപദ്രവത്തിന് ക്രിമിനല്‍ നിയമം 308 വകുപ്പു പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.