റിസോര്‍ട്ടിന്റെ മറവില്‍ 'വേശ്യാലയം'; മേഘാലയ ബിജെപി വൈസ് പ്രസിഡന്റ് അറസ്റ്റില്‍

Update: 2022-07-26 16:45 GMT

ലഖ്‌നോ: റിസോര്‍ട്ടിന്റെ മറവില്‍ 'വേശ്യാലയം' നടത്തിയ മേഘാലയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബെര്‍നാഡ് എന്‍ മരക് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍നിന്നാണ് മരകിനെ മേഘാലയ പോലിസ് പിടികൂടിയത്. ശനിയാഴ്ച രാത്രി റിസോര്‍ട്ടില്‍ നടന്ന റെയ്ഡിനു പിന്നാലെ മരക് ഒളിവിലായിരുന്നു. മേഘാലയിലെ തുറയിലാണ് റിംപു ബഗാന്‍ എന്ന പേരില്‍ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഘാലയ പോലിസ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ലൈംഗികവൃത്തിക്കായി ഉപയോഗിച്ചിരുന്ന ആറ് കുട്ടികളെ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു.

സ്ഥലത്തുനിന്ന് 73 പേരെ അറസ്റ്റും ചെയ്തു. റെയ്ഡിനു പിന്നാലെ തുറ കോടതി ബിജെപി നേതാവിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും ഷില്ലോങ് സദര്‍ സ്‌റ്റേഷനില്‍ കീഴടങ്ങാനും പോലിസ് മരകിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ യുപിയിലേക്ക് കടക്കുകയാണ് ചെയ്തത്. ഇന്ന് മേഘാലയ പോലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് മരക് അറസ്റ്റിലായത്. ഐപിസിയിലെ വിവിധ വകുപ്പുകളും 1956ലെ അസാന്‍മാര്‍ഗിക കടത്ത് (തടയല്‍) നിയമവും പ്രകാരമാണ് മറാക്കിനെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. റിസോര്‍ട്ടില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് റെയ്ഡില്‍ വ്യക്തമായതായി പോലിസ് വ്യക്തമാക്കിയിരുന്നു.

വായുസഞ്ചാരമില്ലാത്തതും വൃത്തിഹീനവുമായ മുറികളില്‍ പൂര്‍ണനഗ്‌നരായും അര്‍ധനഗ്‌നരായുമാണ് കുട്ടികളെയടക്കം നിരവധി പേരെ കണ്ടെത്തിയത്. കുട്ടികള്‍ക്ക് പുറമെ 47 യുവാക്കളെയും 26 സ്ത്രീകളെയുമാണ് റിസോര്‍ട്ടില്‍നിന്ന് പിടികൂടിയത്. 30 ചെറിയ മുറികളാണ് ഫാം ഹൗസിലുള്ളത്. വേശ്യാവൃത്തിക്കായായിരുന്നു കുട്ടികളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി വിവേകാനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്ക് കൈമാറിയിട്ടുണ്ട്. 400 മദ്യക്കുപ്പികളും 500ഓളം ഗര്‍ഭനിരോധന ഉറകളും സ്ഥലത്തുനിന്ന് കണ്ടെടുത്തതായി എസ്പി അറിയിച്ചു. ഗാരോ ഹില്‍ സ്വയംഭരണ ജില്ലാ കൗണ്‍സിലിലെ ജനപ്രതിനിധിയാണ് ബെര്‍ണാര്‍ഡ്. പോക്‌സോ കേസിലടക്കം പ്രതിയാണ് ബെര്‍ണാര്‍ഡ്. 2000ന്റെ തുടക്കം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്തിലുടനീളം 25ലധികം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News