വൈപ്പിനിലെ ജുമാ മസ്ജിദുകളില്‍ മലബാര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്ക് സ്മാരകങ്ങളൊരുങ്ങുന്നു
വൈപ്പിന്‍: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മലബാര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളെ ചരിത്രത്തില്‍നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വേറിട്ട പ്രതിഷേധം. ജുമുഅ നടക്കുന്ന വൈപ്പിനിലെ എല്ലാ പള്ളികളിലും മലബാര്‍ രക്തസാക്ഷികളുടെ പേരുകള്‍ കൊത്തിവച്ച ശിലാഫലകങ്ങള്‍ സ്ഥാപിക്കാനാണ് തയ്യാറെടുക്കുന്നത്. വൈപ്പിന്‍ മേഖലാ ജമാഅത്ത് കൗണ്‍സില്‍ യോഗമാണ് മലബാര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്ക് സ്മാരകമൊരുക്കാന്‍ തീരുമാനിച്ചത്. എടവനക്കാട് മദ്‌റസത്തുല്‍ ഫലാഹിയ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ കെ ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വൈപ്പിന്‍ മേഖലയിലെ 14 പള്ളി/മദ്‌റസ പ്രസിഡന്റ് സെക്രട്ടറിമാര്‍, മഹല്ല് ഇമാമുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ കെ ജമാലുദ്ദീന്‍, ഇ കെ അഷ്‌റഫ്, അഡ്വ: അബ്ദുല്‍റഷീദ്, മഹ്ബൂബ് കൊച്ചി, വി കെ അബ്ദുല്‍ റസ്സാഖ്, പി എ ഷാനവാസ്, മുഹമ്മദ് സലിം നദ്‌വി, അലി ബാഖവി ആറ്റുപുറം, റഫീഖ് ബാഖവി നായരമ്പലം, മുഹമ്മദ് നിസാര്‍ പള്ളിപ്പുറം എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ തുടങ്ങി 387 മലബാര്‍ സ്വാതന്ത്ര്യസമര പോരാളികളെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ശുപാര്‍ശ ചെയ്തതാണ് വിവാദമായത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐസിഎച്ച്ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച അവലോകന റിപോര്‍ട്ടിലാണ് ശുപാര്‍ശ. മലബാറിലേത് സ്വാതന്ത്ര്യസമരമല്ലെന്ന സംഘപരിവാര്‍ നിലപാടിനെ സാധൂകരിക്കുന്ന തരത്തിലാണ് കമ്മിറ്റിയുടെ തീരുമാനമെന്നായിരുന്നു വ്യാപകവിമര്‍ശനം. സ്വാതന്ത്ര്യസമര ചരിത്രത്തെ അപഹസിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനീക്കത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് വലിയതോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.