യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം: മേപ്പാടിയിലെ സ്ഥാപനത്തിന് സ്‌റ്റോപ് മെമ്മോ; ഔട്ട് ഡോര്‍ സ്‌റ്റേകള്‍ക്ക് മാര്‍ഗരേഖ

സുരക്ഷാ വീഴ്ച ഉണ്ടായെന്നു വനം വകുപ്പും കണ്ടെത്തി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Update: 2021-01-24 19:23 GMT

കല്‍പറ്റ: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മേപ്പാടിയിലെ സ്ഥാപനത്തിന് സ്‌റ്റോപ് മെമ്മോ നല്‍കി. ഔട്ട് ഡോര്‍ സ്‌റ്റേകള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതുസംബന്ധിച്ചു അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്ക് നിര്‍ദേശം നല്‍കി

ടെന്റുകളുടെ പ്രവര്‍ത്തനം അനധികൃതമെന്നു കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ നടപടി. ജില്ലയിലെ മുഴുവന്‍ റിസോര്‍ട്ടുകളോട് ചേര്‍ന്ന ഇത്തരം പ്രവര്‍ത്തങ്ങള്‍ പരിശോധിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ ഉത്തരവിട്ടു. സുരക്ഷാ വീഴ്ച ഉണ്ടായെന്നു വനം വകുപ്പും കണ്ടെത്തി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാതൊരു വിധ പ്രതിരോധ മാര്‍ഗങ്ങളും ഇല്ലാതെയാണ് ടെന്റുകള്‍ കെട്ടി വിനോദസഞ്ചാരികളെ താമസിപ്പിച്ചതെന്ന് വനം വകുപ്പും കണ്ടെത്തി. രേഖകളില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പഞ്ചായത്തും നടപടികളെടുക്കും. ഇന്നലെ രാത്രിയാണ് കുടുംബത്തോടൊപ്പമെത്തിയ കണ്ണൂര്‍ സ്വദേശി ഷഹാന കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം, മേപ്പാടിയിലെ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിയായ ദാറുന്നുജൂം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അധ്യാപിക കൊല്ലപ്പെട്ട എളമ്പിശേരിയിലെ റിസോര്‍ട്ട് അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News