വയനാട്ടില്‍ തേയിലത്തോട്ടത്തില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ പിടികൂടി
പുലര്‍ച്ചെ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളാണ് തേയിലച്ചെടികള്‍ക്കിടയിലെ കമ്പിയില്‍ പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. പരിഭ്രാന്തരായ തൊഴിലാളികള്‍ ഉടന്‍ എസ്‌റ്റേറ്റ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് വനപാലകസംഘം സ്ഥലത്തെത്തി പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. മൃഗഡോക്ടമാരുടെ സംഘമെത്തിയാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്.
വയനാട്: മേപ്പാടിയില്‍ അരപ്പറ്റയിലെ ജനവാസകേന്ദ്രത്തിന് സമീപമുള്ള തേയിലത്തോട്ടത്തില്‍ കുരുക്കില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ മയക്കുവെടിവച്ച് പിടികൂടി. പുലര്‍ച്ചെ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളാണ് തേയിലച്ചെടികള്‍ക്കിടയിലെ കമ്പിയില്‍ പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. എസ്‌റ്റേറ്റിലെ റോഡിന് തൊട്ടരികിലുള്ള ചരിവിലാണ് പുലി കുടുങ്ങിയത്. പരിഭ്രാന്തരായ തൊഴിലാളികള്‍ ഉടന്‍ എസ്‌റ്റേറ്റ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് വനപാലകസംഘം സ്ഥലത്തെത്തി പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. മൃഗഡോക്ടമാരുടെ സംഘമെത്തിയാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്.
പുലിക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമികപരിശോധനയില്‍ മനസ്സിലാവുന്നതെന്ന് മൃഗഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. എന്നാല്‍, രക്തയോട്ടം കുറഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങളില്‍ ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍ രണ്ടുദിവസം നിരീക്ഷിച്ചശേഷം പുലിയെ കാട്ടില്‍ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം. സംഭവമറിഞ്ഞ് ഡിഎഫ്ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പോലിസും നാട്ടുകാരുമടങ്ങുന്ന വന്‍ സംഘമാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
പുലി കുടുക്കില്‍നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സമീപപ്രദേശങ്ങളിലുള്ളവര്‍ക്ക് വനംവകുപ്പ് ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു. കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയതാണോയെന്ന് വനപാലകര്‍ക്ക് സംശയമുണ്ട്. ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തേ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെ കല്‍പ്പറ്റ നഗരത്തിനടുത്ത് ജനവാസപ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടിയിരുന്നു.