ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യന്‍ മേധാവി അജിത് മോഹന്‍ രാജിവച്ചു. 2019 ജനുവരിയിലാണ് അജിത് മോഹന്‍ ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ചത്. അമേരിക്കന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'സ്‌നാപ്പ് ഇന്‍ക്' ല്‍ ചേരുന്നതിനായാണ് അജിത് രാജിവച്ചതെന്നാണ് റിപോര്‍ട്ട്.
മെറ്റാ ഇന്ത്യ ഡയറക്ടറും പാര്‍ട്ണര്‍ഷിപ്പ് തലവനുമായ മനിഷ് ചോപ്ര പകരക്കാരനായി ചുമതലയേല്‍ക്കുമെന്ന് കമ്പനി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മെറ്റയ്ക്ക് മുമ്പ് സ്റ്റാര്‍ ഇന്ത്യയുടെ വീഡിയോ സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി മോഹന്‍ നാല് വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ബിസിനസുകള്‍ക്കും പങ്കാളികള്‍ക്കും സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന തരത്തില്‍ മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അജിത് പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാന്‍ഡല്‍സന്‍ പറഞ്ഞു.
കൊച്ചിയിലെ ഉദ്യോഗമണ്ഡല്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം അജിത്തിന്റെ പഠനമെല്ലാം വിദേശത്തായിരുന്നു. ആദ്യം സിംഗപ്പൂരിലെ നംയാങ് ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നു ബിരുദപഠനം. പിന്നീട് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്‌സിലും ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും ബിരുദാനന്തര ബിരുദം. തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍നിന്ന് ഫിനാന്‍സില്‍ എംബിഎ ബിരുദമെടുത്തു.
ആര്‍തര്‍ ഡി ലിറ്റില്‍, മക്കന്‍സി എന്നിവിടങ്ങളില്‍ കണ്‍സല്‍ട്ടന്‍സി സ്ഥാനങ്ങള്‍ വഹിച്ച ശേഷം 2012ലാണ് അജിത് സ്റ്റാര്‍ ടിവി നെറ്റ്‌വര്‍ക്കിലെത്തുന്നത്. സ്റ്റാര്‍ ടിവിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു. ശേഷം 2015 നവംബറില്‍ സ്റ്റാര്‍ ഇന്ത്യയുടെതന്നെ ഹോട്ട്സ്റ്റാര്‍ ഡിജിറ്റല്‍ ആന്റ് മൊബൈല്‍ എന്റര്‍ടൈന്‍മെന്റ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിന്റെ പ്രസിഡന്റായി. 2016 ഏപ്രിലില്‍ ഹോട്ട്സ്റ്റാറിന്റെ സിഇഒ സ്ഥാനം വഹിച്ചു. 2017 ഒക്ടോബറില്‍ ഉമങ് ബേദി സ്ഥാനമൊഴിഞ്ഞത് പിന്നാലെയാണ് ഫേസ്ബുക്ക് ഇന്ത്യയുടെ തലപ്പത്തേക്ക് അജിത് എത്തിയത്.