അവിശ്വാസത്തിനു കാത്തുനിന്നില്ല; ബിഹാര്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു
പട്‌ന: വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ബിഹാര്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു. ബിജെപി എംഎല്‍എ കൂടിയായ സിന്‍ഹ തനിക്കെതിരായ അവിശ്വാസ പ്രമേയം നിയമസഭയില്‍ വരുന്നതിനു തൊട്ടുമുമ്പാണ് രാജിവച്ചത്. നിയമസഭാ സമ്മേളനം ആരംഭിച്ച ഉടനെ സ്പീക്കര്‍ രാജി തീരുമാനം അറിയിച്ചു. സ്പീക്കറില്‍ സംശയം ഉന്നയിക്കുന്നതിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഭരണകക്ഷിയോടായി ചോദിച്ചു. ജനങ്ങള്‍ തീരുമാനമെടുക്കും. ഭൂരിപക്ഷത്തിന് മുന്നില്‍ തലകുനിച്ച് ഞാന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുന്നു.
'നിങ്ങളുടെ അവിശ്വാസ പ്രമേയം അവ്യക്തമാണെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഒമ്പത് പേരുടെ കത്ത് ലഭിച്ചതില്‍ എട്ടെണ്ണം ചട്ടപ്രകാരമല്ല- വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. മഹാസഖ്യ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സിന്‍ഹ ചെവിക്കൊണ്ടിരുന്നില്ല. ഇതോടെ സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുവാന്‍ ഭരണകക്ഷി തീരുമാനിച്ചിരുന്നു. മുതിര്‍ന്ന ആര്‍ജെഡി നേതാവ് അവധ് ബിഹാരി ചൗധരി പുതിയ സ്പീക്കറായേക്കും.
വിശ്വാസ വോട്ടെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തും. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭാ നടപടികള്‍ തുടരാമെന്നതിനാല്‍ മാറ്റിവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രഷറി ബെഞ്ചിലെ അംഗങ്ങള്‍ വാദിച്ചു. സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ സ്ഥാനമൊഴിഞ്ഞതോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 164 എംഎല്‍എമാര്‍ നിതീഷ് കുമാറിന്റെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനാല്‍ ഭൂരിപക്ഷം തെളിയിക്കുകയെന്നത് ഔപചാരികം മാത്രമാണ്. നിയമസഭയുടെ നിലവിലെ അംഗബലം 241 ആണ്. ഏത് പാര്‍ട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷത്തിന് 121 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്.