ജമ്മു കശ്മീരില്‍ കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
ബീഹാറിലെ മധേപുര സ്വദേശിയായ മുഹമ്മദ് അംറേസാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പൂരില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ സായുധര്‍ വെടിവച്ച് കൊന്നു.ബന്ദിപ്പൂരിലെ സോദനാര സുംബലില്‍ അര്‍ധരാത്രിയോടെയാണ് ആക്രമണം നടന്നത്. ബീഹാറിലെ മധേപുര സ്വദേശിയായ മുഹമ്മദ് അംറേസാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
രാത്രിയില്‍ ബന്ദിപ്പോരയിലെ സോദ്നാര സുംബലില്‍ വച്ച് കുടിയേറ്റ തൊഴിലാളിയായ ബിഹാര്‍, ബെസാര്ഹ്, മധേപുര സ്വദേശിയായ മുഹമ്മദ് അംറേസിനു നേരെ സായുധര്‍ വെടിയുതിര്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി, അവിടെ അദ്ദേഹം മരണത്തിന് കീഴടങ്ങി'- കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിലെ രജൗരിയിലെ സൈനിക ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.
കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളി മുഹമ്മദ് മുംതാസ് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മുഹമ്മദ് ആരിഫ്, മുഹമ്മദ് മഖ്ബൂല്‍ എന്നിവരും ബിഹാര്‍ സ്വദേശികളാണ്.