ലൊക്ക് ഡൗണില്‍ കുടുങ്ങി; ബംഗളൂരൂവില്‍ കുടിയേറ്റ തൊഴിലാളികള്‍ അക്രമാസക്തരായി

5000ത്തോളം കുടിയേറ്റ തൊളിലാളികളാണ് സ്‌പെഷ്യല്‍ ട്രെയിനില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാവുമെന്ന പ്രതീക്ഷയില്‍ മജസ്റ്റിക്, യെശ്വന്ത്പൂര്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ എത്തിയത്.

Update: 2020-05-05 06:16 GMT

ബംഗളൂരു: രാജ്യവ്യാപക ലോക്ക് ഡൗണിനിടെ ബംഗളൂരുവില്‍ കുടുങ്ങിയ ആയിരണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങി. പ്രതിഷേധവുമായി ഇറങ്ങിയ തൊഴിലാളികള്‍ പോലിസിന് നേരെയും അക്രമാസക്തരായി.

ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിന് സമീപത്തെ ക്വാറന്റൈന്‍ സൗകര്യമുള്ള ക്യാംപില്‍ കഴിയുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഘടിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ പോലിസിനു നേരേ കല്ലെറിയുകയായിരുന്നു. കല്ലേറിനെതുടര്‍ന്ന് ഒരു ഇന്‍സ്‌പെക്ടര്‍ അടക്കം നാല് പോലിസുകാര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റു. ഇന്‍സ്‌പെക്ടറുടെ തലയ്ക്കാണ് പരിക്കേറ്റത്. അനിഷ്ട സംഭവങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചു വിടാനായി പോലിസ് ലാത്തി വീശുകയായിരുന്നു.

സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ നടപടിയെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയത്. മടക്കിയയക്കാന്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് അക്രമാസക്തരായ തൊഴിലാളികള്‍ പോലിസിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

തൊഴിലാളികളുടെ ക്യാംപുകളില്‍ നാടുകളിലേക്ക് തിരികെ പോകുന്നതിനെ സംബദ്ധിച്ചുള്ള കാലതാമസത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഒത്തുകൂടിയ തൊഴിലാളികള്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ പോലിസുകാരെ ആക്രമിക്കുകയും പോലിസ് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

5000ത്തോളം കുടിയേറ്റ തൊളിലാളികളാണ് സ്‌പെഷ്യല്‍ ട്രെയിനില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാവുമെന്ന പ്രതീക്ഷയില്‍ മജസ്റ്റിക്, യെശ്വന്ത്പൂര്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ എത്തിയത്. 

Tags:    

Similar News