പഴയ ഒരുരൂപ വാങ്ങാമെന്ന് പറഞ്ഞ് തട്ടിപ്പ്; 26 ലക്ഷം രൂപ നഷ്ടമായ വ്യാപാരി ജീവനൊടുക്കി
ബംഗളൂരു: പഴയ നാണയം വന്‍വിലക്ക് വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി 26 ലക്ഷം രൂപ നഷ്ടമായ വ്യാപാരി ജീവനൊടുക്കി. ബംഗളൂരുവിന്റെ സമീപ ജില്ലയായ ചിക്കബല്ലാപുരയിലെ ഗിഫ്റ്റ്‌ഷോപ്പ് ഉടമ അരവിന്ദ് (46) ആണ് മരിച്ചത്.
60 വര്‍ഷം മുമ്പുള്ള ഒറ്റ രൂപ നാണയത്തിന് 56 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്. പ്രൊസസിങ് ഫീസ് എന്ന പേരില്‍ പല തവണയായി ഇയാളില്‍നിന്ന് 26 ലക്ഷം രൂപ പ്രതി കൈക്കലാക്കുകയായിരുന്നു. സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഭാര്യയുടെ ആഭരണം പണയം വെച്ചുമാണ് ഇയാള്‍ തുക കണ്ടെത്തിയത്. തന്റെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ച് വിശദമായ കുറിപ്പെഴുതിയാണ് അരവിന്ദ് ജീവനൊടുക്കിയത്.
ഇത്തരം തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും ബംഗളൂരു നഗരത്തില്‍ കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും സിറ്റി പോലിസ് കമീഷണര്‍ കമല്‍ പന്ത് അറിയിച്ചു. പുരാതന നാണയങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് നല്‍കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ സൈബര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നുണ്ട്.