ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രധാന ദേശീയ പാതയില്‍ പൊതുഗതാഗതം ആഴ്ചയില്‍ രണ്ട് ദിവസം നിരോധിച്ചു കൊണ്ടുള്ള ഉത്തരവിനെതിരേ വിവിധ കോണുകളില്‍ നിന്ന് ജനരോഷമുയരുന്നു. സേനാ വാഹനവ്യൂഹങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനായി ബാരാമുല്ല മുതല്‍ ഉധംപുര്‍ വരെ 270 കിലോമീറ്റര്‍ ദേശീയ പാതയില്‍ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം നിരോധിച്ചിരിക്കുന്നത്.
നിയന്ത്രണം നിലവില്‍ വന്നതിനെ തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെട്ടതിനെത്തുടര്‍ന്ന്് മെഹബൂബ മുഫ്തിയും ഒമര്‍ ഫാറൂഖ് അടക്കമുള്ള നേതാക്കള്‍ നേരിട്ട് രംഗത്തെത്തി. മനസാക്ഷി ഇല്ലാതെ, കശ്മീര്‍ തുറന്ന ജയിലായിരിക്കുന്നുവെന്നുമാണ് തങ്ങളുടെ പ്രതിഷേധങ്ങളായി ഇവര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. അതേസമയം, കര്‍ശനനിയന്ത്രണം ഉള്ളതു കൊണ്ട് അത്യാവശ്യസര്‍വീസുകള്‍ക്ക് പ്രത്യേക യാത്രാപാസുകള്‍ അനുവദിച്ച് നല്‍കാന്‍ മജിസ്‌ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ അനന്ത്‌നാഗ് ജില്ലയിലെ ഒരു വിവാഹസംഘത്തിന് കടന്ന് പോകാന്‍ പ്രത്യേക പാസ് അനുവദിച്ചു നല്‍കി. എന്നാല്‍ പന്ത്രണ്ട് പേര്‍ക്ക് മാത്രമാണ് വരനൊപ്പം കടന്നു പോവാന്‍ അനുമതി ലഭിച്ചത്. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റാണ് പാസ് നല്‍കിയത്.പുതിയ പരിഷ്‌കരണത്തിനെതിരേ പ്രതിപക്ഷ കക്ഷികളും പൊതുസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ യാത്രയ്ക്ക് തടസം ഉണ്ടാക്കുന്ന വിധത്തിലുള്ള നടപടികളൊന്നും മുമ്പ് നടപ്പിലാക്കിയിട്ടില്ലെന്നും സുരക്ഷാക്രമീകരണങ്ങളുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും ഇവര്‍ വിമര്‍ശിച്ചു.
ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന രീതിയിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലായാണ് സര്‍ക്കാരിന്റെ പുതിയ നടപടിയെന്നാണ് പറയുന്നത്.