കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണ്. സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ ഉൾപ്പെടെ തയ്യാറാകണം. സർക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ സമരങ്ങൾക്ക് മത മേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുത്. ജോസ് കെ മാണി ഉയർത്തിയ ആവശ്യം അംഗീകരിച്ചതാണെന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം ബഫർസോൺ വിദഗ്ധസമിതിയുടെ കാലാവധി നീട്ടും. ഈ കാര്യത്തിൽ വനം മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാൻ ഒരുങ്ങുകയാണ് കെസിബിസി. സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കുന്നു. താരമശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മറ്റന്നാൾ ജനജാഗ്രത യാത്ര നടത്തും. പരിസ്ഥിതി ലോല മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ സ്ഥല പരിശോധന അടക്കം നടത്തി ബഫർ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ അശാസ്ത്രതീയമായ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്ന, ഇപ്പോഴത്തെ നടപടിക്രമങ്ങളിൽ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രത്യക്ഷ സമരം തന്നെ തുടങ്ങാനാണ് തീരുമാനം. സഭാ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം അടുത്ത ദിവസങ്ങളിൽ, പള്ളികളിൽ വായിക്കും.