സെപ്തംബറോടെ കുവൈത്തില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം
പ്രതിമാസം പരമാവധി മൂന്ന് ലക്ഷം ആളുകളില്‍ എത്തിക്കുവാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമം. എങ്കിലും നിര്‍മാതാക്കളില്‍ നിന്ന് കൃത്യമായി വാക്‌സിനുകള്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് സാധ്യമാകു. ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബാഹ് കൂട്ടിച്ചേര്‍ത്തു.
കുവൈത്ത് സിറ്റി: സെപ്തംബറോടെ കുവൈത്തില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതിരോധ കുത്തിവയ്പ് നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടി പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബാഹ് അറിയിച്ചു. കുവൈത്തില്‍ പുതുതായി ആരംഭിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഉദ്ഘാടന ശേഷം പത്രക്കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രതിമാസം പരമാവധി മൂന്ന് ലക്ഷം ആളുകളില്‍ എത്തിക്കുവാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമം. എങ്കിലും നിര്‍മാതാക്കളില്‍ നിന്ന് കൃത്യമായി വാക്‌സിനുകള്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് സാധ്യമാകു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലേയും പുതുതായി 996 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 582 പേര്‍ക്ക് രോഗവിമുക്തി നേടിയിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 171994 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 162120 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ മൂന്ന് പേര്‍ മരണപ്പെട്ടു. രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 969 ആയി.