ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍വ്വകക്ഷിയോഗം ഇന്ന്

80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരേ വിവിധ മുസ്‌ലിം സംഘടനകള്‍ ശക്തമായി മുന്നോട്ട് വന്നിരുന്നു.

Update: 2021-06-04 02:21 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. വൈകീട്ട് 3:30നാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം നടക്കുക. 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരേ വിവിധ മുസ്‌ലിം സംഘടനകള്‍ ശക്തമായി മുന്നോട്ട് വന്നിരുന്നു.

കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, മുന്‍ മന്ത്രി കെ ടി ജലീല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും സമാനനിലപാട് ആണ് ഉയര്‍ത്തിയിട്ടുള്ളത്.

വിഷയം ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാട്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ച. സംസ്ഥാന സര്‍ക്കാരിനു കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍.

അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കുന്നത് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ നിര്‍ദേശം വെയ്ക്കുന്ന സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായമറിഞ്ഞ ശേഷം അന്തിമതീരുമാനം എടുക്കും. രാജ്യത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് സംസ്ഥാനത്ത് നടപ്പാക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം 80: 20 ആയി നിശ്ചയിച്ചത്. എന്നാല്‍, കോടതിയെ തെറ്റിദ്ധരിപ്പിച്ച് മുസ്ലീം സമുദായത്തിന് 80 ശതമാനം നല്‍കിയത് റദ്ദാക്കുകയായിരുന്നു.

Tags:    

Similar News