അലിഗഡ് മുസ് ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി: വിധി പറയുന്നത് സുപ്രിംകോടതി മാറ്റിവച്ചു
ന്യൂഡല്‍ഹി: അലിഗഡ് മുസ് ലിം സര്‍വകലാശാലയ്ക്ക്(എഎംയു) ന്യൂനപക്ഷ പദവി നല്‍കുന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴ് ജഡ്ജിമാരടങ്ങുന്ന സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചു. അലിഗഡ് മുസ് ലിം സര്‍വകലാശാലന്യൂനപക്ഷ പദവിക്ക് അര്‍ഹമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ 2006ലെ വിധിയിന്‍മേലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെബി പര്‍ദിവാല, ദീപങ്കര്‍ ദത്ത, മനോജ് മിശ്ര, എസ്‌സി ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേട്ടത്.
2019ല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിഷയം ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു. ഒരു ചട്ടം(എഎംയു ആക്റ്റ്) സ്ഥാപിച്ച് ഭരിക്കുന്ന ഒരു സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാനാവുമോ എന്നതാണ് കേസില്‍ ഉയര്‍ന്നുവരുന്ന ഒരു പ്രശ്‌നം. എഎംയു, എഎംയു ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍ എന്നിവയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ ഡോ. രാജീവ് ധവാന്‍, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, ഷദന്‍ ഫറസത്ത് എന്നിവരാണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ ഹാജരായി. നീരജ് കിഷന്‍ കൗള്‍, ഗുരു കൃഷ്ണ കുമാര്‍, വിനയ് നവാരെ, യതീന്ദര്‍ സിങ്, അസി. സോളിസ്റ്റര്‍ ജനറല്‍മാരായ വിക്രംജിത് ബാനര്‍ജി, കെ എം നടരാജ് എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന അഭിഭാഷകരും ഇരുവിഭാഗത്തിനും വേണ്ടി വാദങ്ങള്‍ ഉന്നയിച്ചു. എട്ടുദിവസം നീണ്ട വാദപ്രതിവാദമാണ് നടന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30ന്റെ വ്യാഖ്യാനം മുതല്‍, ലിസ്റ്റ് ഒന്നിലെ എന്‍ട്രി 63ഉം, അലിഗഡ് മുസ് ലിം സര്‍വകലാശാലയുടെ നിയമനിര്‍മ്മാണ ചരിത്രം, 1951 മുതല്‍ 1981 വരെയുള്ള വിവിധ ഭേദഗതി നിയമങ്ങളുടെ വിശകലനം തുടങ്ങിയവയെല്ലാം വിശദമായി അവതരിപ്പിക്കപ്പെട്ടു.