ന്യൂനപക്ഷങ്ങളിലെ ചിലര്‍ സമ്പന്നരാണെന്ന് കരുതി സമുദായം മുഴുവനും മുന്‍പന്തിയിലാണെന്ന് വിലയിരുത്താനാവില്ല; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: ന്യൂനപക്ഷങ്ങളിലെ ചിലര്‍ സമ്പന്നരാണെന്ന് കരുതി ഈ സമുദായങ്ങളിലെ മുഴുവന്‍ പേരും സാമ്പത്തികമായും സാമൂഹികമായും മുന്നാക്കമാണെന്ന് വിലയിരുത്താനാവില്ലെന്ന് ഹൈക്കോടതി. ഇവരുടെ സമ്പന്നതയ്ക്ക് കാരണം ന്യൂനപക്ഷ വിഭാഗക്കാരായതാണെന്ന് കരുതേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേരളത്തിലെ മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കേന്ദ്രമായ സിറ്റിസണ്‍സ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാലിറ്റി, ട്രാന്‍ക്വിലിറ്റി ആന്റ് സെക്യൂലറിസം (കാഡറ്റ്‌സ്) എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
ന്യൂനപക്ഷമെന്നത് ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുണ്ടായ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും എണ്ണം പരിശോധിച്ചാല്‍ നിയമസഭയിലും പാര്‍ലമെന്റിലും ഇവര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഭരണഘടനയില്‍ ന്യൂനപക്ഷത്തെ നിര്‍വചിക്കാത്തതുകൊണ്ട് അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് കോടതി മറുപടി നല്‍കി. കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളും ചേര്‍ന്നാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ തീരുമാനിക്കുന്നത്.
ന്യൂനപക്ഷ പദവിയുമായി ഇതിന് ബന്ധവുമില്ല. 1992ലെ ദേശീയ മൈനോറിറ്റി കമ്മീഷന്‍ ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി പരിഗണിക്കുന്നത്. ഇക്കാര്യം കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ മൈനോറിറ്റീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ വെള്ളം ചേര്‍ക്കാനാവില്ല. ചിലര്‍ സമ്പന്നരായതുകൊണ്ട് ന്യൂനപക്ഷ അവസ്ഥ നിര്‍ണയിക്കാന്‍ ന്യൂനപക്ഷ കമ്മീഷന് തടസ്സമൊന്നുമില്ല. കേന്ദ്രസര്‍ക്കാരിന് ദേശീയ ന്യൂനപക്ഷ കമ്മീഷനോട് നിര്‍ദേശിക്കാന്‍ നിയമപരമായി സാധ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ചില കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അധികാരം കമ്മീഷനുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.