ഉത്തരാഖണ്ഡിലെ 15 സ്ഥലങ്ങളുടെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി; മിയാന്‍ വാലയെ റാംജി വാലയാക്കരുതെന്ന് രജ്പുത്തുകള്‍

Update: 2025-04-05 14:09 GMT
ഉത്തരാഖണ്ഡിലെ 15 സ്ഥലങ്ങളുടെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി; മിയാന്‍ വാലയെ റാംജി വാലയാക്കരുതെന്ന് രജ്പുത്തുകള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഹരിദ്വാറിലെ ഔറംഗസേബ് പൂരിനെ ശിവാജി നഗറെന്നും ഗജിവാലിയെ ആര്യ നഗറെന്നും ചാന്ദ്പൂരിനെ ജ്യോതിബ ഫൂലെ നഗറെന്നും മുഹമ്മദ്പൂര്‍ ജാട്ടിനെ മോഹന്‍പൂരെന്നും ഖാന്‍പൂര്‍ കുര്‍സ്‌ലിയെ അംബേദ്കര്‍ നഗറെന്നും ഇദ്‌റീസ് പൂരിനെ നന്ദ്പൂരെന്നും ഖാന്‍പൂരിനെ ശ്രീകൃഷ്ണപൂരെന്നും അക്ബര്‍ പൂരിനെ വിജയനഗറെന്നും ആക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെറാഡൂണിലെ പീര്‍വാലയെ കേസരി നഗറെന്നും ചന്ദ്പൂര്‍ ഖുര്‍ദിനെ പൃഥ്വിരാജ് നഗറെന്നും അബ്ദുല്ലാപൂരിനെ ദാക്ഷ് നഗറെന്നും പേരുമാറ്റും. നൈനിറ്റാളിലെ നവാബി റോഡിനെ അടല്‍ മാര്‍ഗെന്നും പഞ്ചകിയില്‍ നിന്നും ഐഐടി വരെയുള്ള റോഡിനെ ഗുരു ഗോള്‍വാള്‍ക്കര്‍ റോഡെന്നും വിളിക്കും. ഉദ്ധം സിങ് നഗറിലെ സുല്‍ത്താന്‍പൂര്‍ മുന്‍സിപ്പിലാറ്റിയുടെ പേര് കൗശല്യ പുരിയെന്നുമാക്കും.

എന്നാല്‍, ഡെറാഡൂണിലെ മിയാന്‍വാല എന്ന പ്രദേശത്തിന്റെ പേര് റാംജി വാല എന്നാക്കുന്നതിനെ എതിര്‍ത്ത് മിയാ വാലയിലെ രജപുത്തുകള്‍ രംഗത്തെത്തി. തങ്ങളുടെ നാടിന്റെ പേര് റാംജി വാല എന്നാക്കരുതെന്നാവശ്യപ്പെട്ട് അവര്‍ ഡെറാഡൂണ്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിവേദനം നല്‍കി. സമസ്ത മിയാന്‍വാല ക്ഷേത്രവാസി(മിയാവാലയിലെ താമസക്കാര്‍) എന്ന സംഘടനയുടെ പേരിലാണ് നിവേദനം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയപ്രേരിതമായി ചിലര്‍ നാടിന്റെ പേര് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് നിവേദനം പറയുന്നു. ബ്രിട്ടീഷ് എഴുത്തുകാരനായ ജി ആര്‍ സി വില്യംസ് ഡെറാഡൂണിലെ ഓര്‍മകള്‍ എന്ന 1874ലെ പുസ്തകത്തില്‍ പ്രദേശത്തെ മിയാന്‍വാല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നിവേദനം ചൂണ്ടിക്കാട്ടി. 1911ലെ ഡെറാഡൂണ്‍ ഗസറ്റിലും മിയാന്‍വാല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

''മിയാന്‍വാല എന്നത് വെറുമൊരു പേരല്ല, ഒരു ചരിത്ര പൈതൃകമാണിത്. പ്രദേശവാസികളുടെ സ്വത്വം മിയാന്‍വാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലരും പേരില്‍ മിയാന്‍വാല എന്നു ചേര്‍ക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരും. എന്നിരുന്നാലും, രാഷ്ട്രീയ പ്രേരിതരായ ചില വ്യക്തികള്‍ പേര് മാറ്റാന്‍ ശ്രമിക്കുകയും അതുവഴി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രദേശത്തിന്റെ പേര് മിയാന്‍വാല ആയി തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.''-നിവേദനം പറയുന്നു.

Similar News