മതപരിവർത്തനമെന്ന് ആരോപണം; ക്രിസ്മസ് ആഘോഷത്തിന് നേരെ ഹിന്ദുത്വ ആക്രമണം

Update: 2022-12-25 03:33 GMT


ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ഹിന്ദുത്വ ആക്രമണം. ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിലാണ് നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് 30 പേരടങ്ങുന്ന ഹിന്ദുത്വർ വടികളുമായി ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിനിരയായ പാസ്റ്റർ ലാസറസ് കൊർണേലിയസും ഭാര്യ സുഷമ കൊർണേലിയസും ഉൾപ്പെടെ ആറ് പേരെ പോലിസ് പിന്നീട് കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രശ്നം പരിഹരിച്ചെന്ന് വ്യക്തമാക്കി ഇവരെ വിട്ടയച്ചു. തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ ഹോപ്പ് ആൻഡ് ലൈഫ് സെന്ററിൽ ഉച്ചയോടെയാണ് ആക്രമണം നടന്നത്.

മസൂറി യൂണിയൻ ചർച്ചിലെ പാസ്റ്റർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാനത്തെ ബിജെപി സർക്കാർ നിയമസഭയിൽ മതപരിവർത്തന നിരോധന ബിൽ പാസാക്കുകയും ശനിയാഴ്ച ഗവർണറുടെ അനുമതിക്കായി അയക്കുകയും ചെയ്തിരുന്നു. 

Similar News